ലോസ്ആഞ്ചലസ്: തെലുഗ് സിനിമ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിനും ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു. രാജമൗലിയാണ് ആര്‍ ആര്‍ ആര്‍ സംവിധാനം ചെയ്തത്. എം എം കീരവാനിയാണ് നാട്ടു നാട്ടുവിന് സംഗീതം നല്‍കിയത്. ചന്ദ്രബോസ് ആണ് രചന. പുരസ്‌കാരം ഏറ്റുവാങ്ങി ഇംഗ്ലീഷില്‍ പാട്ട് പാടിയാണ് കീരവാനി പ്രതികരിച്ചത്. നാട്ടു നാട്ടുവിന് നേരത്തേ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടില്‍ ഇന്ത്യക്ക് ഈ വര്‍ഷത്തെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. കാര്‍ത്തികി ഗോണ്‍സാല്‍വ്സ് സംവിധാനം ചെയ്ത ദി എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ ലഭിച്ചത്.
1969, 1979 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ വിഭാഗത്തിലേക്ക് ഇന്ത്യന്‍ ഡോക്യുമെന്ററി നാമനിര്‍ദേശം ചെയ്യപ്പെട്ടത്. മുതുമല ദേശീയ പാര്‍ക്കിലെ അനാഥനായ കുട്ടിയാനയുടെ കഥ പറയുന്നതാണ് ഡോക്യുമെന്ററി. രഘു എന്ന ആനയെ ആദിവാസി ദമ്പതികളായ ബൊമ്മനും ബെല്ലിയും പരിപാലിക്കുന്നതാണ് കഥ. കഴിഞ്ഞ ഡിംസബറില്‍ നെറ്റ്ഫ്ളിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ബോളിവുഡ് നടി ദീപിക പദുകോണ്‍ ആണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് അവതാരക. പുരസ്‌കാര ലഭ്യതക്ക് മുമ്പ് നാട്ടു നാട്ടു വേദിയില്‍ അവതരിപ്പിച്ചിരുന്നു. പദുകോണ്‍ ആണ് നാട്ടു നാട്ടുവിനെ പരിചയപ്പെടുത്തിയത്.