ഗോകുലം മൂന്നാമത്

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിയുടെ മടക്കം വിജയാവേശത്തോടെ. മൂന്നാം സ്ഥാനവുമായാണ് മലബാറിയന്‍സ് 2022-23 സീസണ്‍ അവസാനിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ കരുത്തരായ ശ്രീനിധി ഡെക്കാനെ എതിരില്ലാത്ത ഒരുഗോളിനാണ് ഗോകുലം കേരള എഫ്.സി. കീഴടക്കിയത്. ആദ്യപാദത്തില്‍ ശ്രീനിധിയുടെ ഹോംഗ്രൗണ്ടിലേറ്റ പരാജയത്തിന് സ്വന്തം തട്ടകത്തില്‍ അതേ സ്‌കോറില്‍ തിരിച്ചടിനല്‍കിയാണ് ഗോകുലം വിജയം നേടിയത്. 50 പോയിന്റുമായി റൗണ്ട്ക്ലാസ് പഞ്ചാബ് നേരത്തെതന്നെ ഐലീഗ് കിരീടമുറപ്പിച്ചിരുന്നു.
സ്വന്തം മൈതാനത്ത് വിജയത്തില്‍ കുറഞ്ഞതൊന്നും ഗോകുലം ലക്ഷ്യമിട്ടില്ല. തുടരെ ആക്രമണം നെയ്‌തെങ്കിലും വലമാത്രം കുലുക്കാന്‍ കേരളാ ക്ലബിനായില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

49-ാം മിനിറ്റില്‍ ഗോകുലം ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. പെനാല്‍റ്റിയിലൂടെ സ്പാനിഷ്താരം സെര്‍ജിയോ മെന്‍ഡിഗ്യുട്‌സിയ ഇഗ്ലേഷ്യസാണ് ആതിഥേയര്‍ക്കായി ലക്ഷ്യംകണ്ടത്. ഈ ഗോളില്‍ ഗോകുലം വിജയവും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനവും നേടി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ട്രാവുവിനെ പഞ്ചാബ് എഫ്.സി. തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളിനാണ് പഞ്ചാബിന്റെ ജയം. ലൂക്കാ മായ്‌സെന്നിന്റെ ഇരട്ടഗോളുകളാണ് ജയമൊരുക്കിയത്.

Share
അഭിപ്രായം എഴുതാം