30കാരിയെ കൊന്ന് കഷണങ്ങളാക്കി: മരപ്പണിക്കാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പലയിടത്തും വലിച്ചെറഞ്ഞതിനു സമാനമായ സംഭവം ജമ്മു കശ്മീരിലും. യുവതിയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയില്‍ യുവാവ് അറസ്റ്റിലായി. ബി.എഡ് വിദ്യാര്‍ഥിനിയായ 30 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബദ്ഗാം ഓംപോറ സ്വദേശിയായ മരപ്പണിക്കാരനായ ഷബീര്‍ അഹമ്മദ്(45) ആണ് പിടിയിലായത്.കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് എട്ടിന് ഷബീര്‍ അഹമ്മദിനെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി ഓംപോറ റെയില്‍വേ ബ്രിഡ്ജ്, സെഡ്ഡന്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചു. യുവതിയുടെ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ശനിയാഴ്ച രാത്രി തന്നെ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിയുടെ വീട്ടില്‍നിന്നുള്‍പ്പെടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, യുവതിയെ കൊലപ്പെടുത്താനുള്ള കാരണം പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തേ വിവാഹിതനായ ഷബീര്‍, വീണ്ടും വിവാഹാഭ്യര്‍ഥനയുമായി ഇപ്പോള്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍, യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതായും ഇതിന്റെ പ്രതികരമായാണ് കൊലപാതകം നടത്തിയതെന്നുമാണ് പുറത്തുവരുന്ന വിവരം. അതിനിടെ, ഒരാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ബദ്ഗാം ജില്ലയില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. പ്രതി ഷബീര്‍ അഹമ്മദിന്റെ വീടിനു മുന്നില്‍ ആളുകള്‍ പ്രതിഷേധവുമായെത്തി. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രതിയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Share
അഭിപ്രായം എഴുതാം