സതീഷ് കൗശിക്കിന്റെ മരണം:ആരോപണം നിഷേധിച്ച് ഫാംഹൗസ് ഉടമ

ന്യൂഡല്‍ഹി: മുതിര്‍ന്ന നടന്‍ സതീഷ് കൗശിക്കിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ഡല്‍ഹിയിലെ ഫാം ഹൗസ് ഉടമ വികാസ് മാലു.
വികാസിന്റെ ഫാം ഹൗസില്‍ നടന്ന പരിപാടിയിലാണ് കൗശിക് അവസാനമായി പങ്കെടുത്തത്. വികാസിന്റെ രണ്ടാം ഭാര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു.

കൗശിക്കും വികാസും തമ്മില്‍ ബിസിനസ് ബന്ധമുണ്ടായിരുന്നെന്നും പണമിടപാടിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നെന്നും ആരോപിച്ചു. നേരത്തെ എന്റെ ഭര്‍ത്താവിനു നല്‍കിയ 15 കോടി രൂപ സതീഷ് കൗശിക് തിരികെ ചോദിച്ചിരുന്നു. എന്നാല്‍, ഇതു തിരികെ നല്‍കാന്‍ എന്റെ ഭര്‍ത്താവ് തയാറല്ലായിരുന്നു. പണം കടംവാങ്ങിയിട്ടുണ്ടെന്നും എന്നാല്‍, കോവിഡ് കാലത്ത് എല്ലാം നഷ്പ്പെട്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സതീഷ് കൗശിക്കിനെ ഒഴിവാക്കുന്നതിനെക്കുറിച്ചും വികാസ് സംസാരിച്ചിരുന്നു. അതിനാലാണു ഞാന്‍ അന്വേഷണം ആവശ്യപ്പെടുന്നത്.-വികാസിന്റെ ഭാര്യ പറഞ്ഞു. അതേസമയം, 30 വര്‍ഷമായി കൗശിക്കുമായി അടുപ്പമുണ്ടെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വികാസ് മാലു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം