കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചു, കടന്നുകളഞ്ഞു; ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിൽ


കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്റെ മകൻ മിൽകി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറിൽ നിന്നും 2023 മാർച്ച് ഒന്നിന് പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച് ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോൾ പൊലീസ് പിടികൂടിയത്.

അതിനിടെ, നിരവധി മോഷണക്കേസുകളിലെ പ്രതിയെ കൊല്ലം കടയ്ക്കൽ പൊലീസ് പിടികൂടി. അടൂര്‍ പറക്കോട് സ്വദേശി തുളസീധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയ്ക്കലിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ തുളസീധരൻ കഴിഞ്ഞയാഴ്ച്ചയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി പന്തളം മുക്കിലുള്ള വീട്ടിൽ മോഷണം നടത്തിയത്. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന തുളസീധരൻ ടിവി ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളാണ് മോഷ്ടിച്ചത്. മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറിലാണ് ഇയാൾ രക്ഷപെട്ടത്. പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശൂരനാട് നിന്നും തുളസീധരനെ അറസ്റ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം