ബ്രഹ്മപുരത്ത് നിന്നുയർന്നത് ഡയോക്സിൻ സംയുക്തം; തലമുറകൾ വരെ ബാധിക്കുന്ന വിഷം, കണ്ടെത്താനും പ്രയാസം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും അണയുന്നുണ്ടെങ്കിലും തീപ്പിടുത്തത്തെത്തുടർന്നുള്ള ഡയോക്സിൻ ബഹിർഗമനം കൊച്ചി നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയേക്കും. ഡയോക്തിൻ വ്യാപനം എത്രത്തോളമുണ്ട് എന്ന് കണ്ടെത്തലാണ് പ്രധാനം. ഡയോക്സിൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആ പ്രദേശത്ത് മാത്രമൊതുങ്ങില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ തന്നെ പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ കലർന്നും, മത്സ്യം, മാംസം, പാൽ എന്നിവ വഴി വരെ ശരീരത്തിലേക്കെത്തും. കാലങ്ങൾ നിലനിൽക്കുകയും തലമുറകളിലേക്ക് വിപത്ത് പടർത്തുകയും ചെയ്യും. ഇത്

പെട്ടെന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കപ്പുറം കൊഴുപ്പുഗ്രന്ഥികളിലും നാഡീവ്യൂഹത്തിലും കടന്നുകയറി വർഷങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രത്യുൽപാദന തകരാറുകളുടെയും കാൻസറിന്റെയും തൈറോയ്ഡ് രോഗങ്ങളുടെയും ശ്വാസകോശ രോഗങ്ങളുടെയും കാരണമാകുന്ന രാസവസ്തുവാണ് ഡയോക്സിൻ. കൊച്ചിയിലെ മാലിന്യം കത്തിയത് പോലെ ദിവസങ്ങൾ നീണ്ടുനിന്ന, മുൻ അനുഭവങ്ങളില്ലാത്ത പ്രതിസന്ധിയായത് കൊണ്ടുതന്നെ, ഇതുപോലൊരു പ്രശ്നത്തിന്റെ ആരോഗ്യ‍ഡാറ്റയോ വിവരങ്ങളോ അധികൃതരുടെ പക്കലില്ല.

അതിന് പുറമെ, മാലിന്യം കത്തിയതിന്റെ മറ്റു വിഷാംശങ്ങൾ ജലാശയങ്ങളിൽ കലരുന്നതിന്റെ വെല്ലുവിളികളും വേറെയാണ്. എഴുപത് ഏക്കറിൽ പരന്നുകിടക്കുന്ന പ്ലാസ്റ്റിക് നിറഞ്ഞ മാലിന്യപ്പുക, പത്ത് ദിവസത്തിലധികം പുറത്തേക്ക് വമിച്ചതിന് നേരിടാൻ മാസ്ക് ധരിച്ച്, പുകയിൽ നിന്ന് തൽക്കാല രക്ഷ നേടിയാൽ മാത്രം പോരെന്നു ചുരുക്കം.

ഡയോക്‌സീന്‍, ഫ്യൂറാന്‍, മെര്‍ക്കുറി, പോളിക്ലോറിനേറ്റഡ് ബൈഫൈന്‍ എന്നിങ്ങനെയുള്ള വിഷ വാതകങ്ങളാണ് പ്ലാസ്റ്റിക്കിന്റെ ജ്വലനത്തിലൂടെ പുറത്ത് വരുന്നത്. ഇതില്‍ ഏറ്റവും അപകടകാരിയാണ് ഡോയക്‌സീനുകള്‍. ജലത്തില്‍ അലിയാന്‍ വിമുഖത കാണിക്കുന്ന ഡയോക്‌സിനുകള്‍ ശരീരത്തില്‍ എത്തിയാല്‍ പിന്നെ പുറത്ത് പോകാന്‍ ബുദ്ധിമുട്ടാണ്. കൊഴുപ്പ് കോശങ്ങള്‍ വളരെ വേഗം ആഗിരണം ചെയ്യുന്ന ഡയോക്‌സീനുകള്‍ക്ക് 7 മുതല്‍ 9 വര്‍ഷം വരെ മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കാന്‍ സാധിക്കും. ശരീരത്തില്‍ തുടരുന്ന ഡയോക്‌സീനുകള്‍ വളരെ പതിയെ രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ശരീരത്തില്‍ എത്തുന്ന ഡയോക്‌സീനുകള്‍ തുടര്‍ച്ചയായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വന്ധ്യത, ക്രമം തെറ്റിയ ആര്‍ത്തവം, കുട്ടികളുടെ വളര്‍ച്ച, രോഗ പ്രതിരോധ ശേഷി നഷ്ടപ്പെടുക എന്നിവ ഡയോക്‌സിനുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. പതിവായി ഡയോക്‌സിനുകള്‍ ഉള്ള അന്തരീക്ഷ സാഹചര്യത്തില്‍ കഴിയുന്നവര്‍ക്ക് കാന്‍സര്‍ സാധ്യതയും കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കെ വളരെ ചെറിയ പ്രായത്തില്‍ ആര്‍ത്തവം ആരംഭിക്കുക, പുരുഷ ഹോര്‍മോണുകളുടെ കുറവ്, മീശ താടിരോമങ്ങള്‍ അല്ലെങ്കില്‍ ശരീരത്തില്‍ രോമങ്ങളുടെ അഭാവം. ചെറിയ പ്രായത്തില്‍ ഉണ്ടാകുന്ന അണ്ഡാശയ ക്യാന്‍സര്‍ എന്നിവയൊക്കെ ഡയോക്‌സീനുകള്‍ക്ക് സൃഷിടിക്കാനാകുന്ന പ്രശ്‌നങ്ങളാണ്.

പോളിക്ലോറിനേറ്റഡ് ഡിബെന്‍സോ-പി-ഡയോക്‌സിന്‍സ് വിഭാഗത്തില്‍ പെടുന്ന രാസ സംയുക്തമാണ് ഡയോക്‌സിന്‍. ഡയോക്‌സിനുകള്‍ വളരെ വിഷാംശം ഉളളതും പെട്ടന്ന് നശിക്കാത്തതുമാണ്. വാതക രൂപത്തില്‍ നിന്നും ഖരാവസ്ഥയിലേക്ക് മാറുന്ന ഡയോകസീനുകള്‍ മണ്ണില്‍ കലരുകയും അവിടെ നിന്ന് ചെടികളിലും ജീവികളിലും കലര്‍ന്ന് ഭക്ഷ്യ ശൃംഘലയുടെ ഭാഗമാവുകയും ചെയ്യുന്നു. മാംസം, പാല്‍, മത്സ്യം, വെള്ളം, വായു എന്നിവയിലൂടെ ഡയോക്‌സിന്‍ ശരീരത്തില്‍ പ്രവേശിക്കാം. ഇവ അതിശക്തമായ കാര്‍സിനോജനുകളായാണ് ശാസ്ത്രം വിശേഷിപ്പിക്കുന്നത്

ഡയോക്സിനുകള്‍ പ്രകൃത്യാലുള്ളതല്ല, മനുഷ്യന്‍ സൃഷ്ടിച്ച സംയുക്തങ്ങളാണ്. അതുകൊണ്ട് തന്നെ ഇവയുടെ സ്വാഭാവികമായ രാസ വിഘടനം വളരെ നാള്‍ എടുത്ത് മാത്രം സംഭവിക്കുന്ന പ്രക്രിയയാണ്. കാലങ്ങളോളം നശിക്കാതെ രാസസംയുക്തങ്ങള്‍ മണ്ണിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുന്നു. ഡയോക്‌സിനുകള്‍ വ്യവസായങ്ങളുടെ ഭാഗമായും ഉണ്ടാകുന്നുണ്ട്. പെട്രോകെമിക്കല്‍, നോണ്‍-ഫെറസ് മെറ്റലര്‍ജി, പള്‍പ്പ്, പേപ്പര്‍ വ്യവസായങ്ങള്‍ എന്നിവയാണ് ഡയോകസിനുകളുടെ മറ്റ് പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍

ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തുന്ന പുക അടങ്ങുന്നതോടെ പ്രശനങ്ങള്‍ തീരുന്നില്ല. വെളളത്തിലും മണ്ണിലും കലരുന്ന ഡയോക്‌സിനുകള്‍ ഭാവിയില്‍ സൃഷ്ടക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ വലുതാണെന്ന് മനസിലാക്കാം.

Share
അഭിപ്രായം എഴുതാം