സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കല്‍ കേസിന്റെ പിന്നാമ്പുറം

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം എല്‍ജിബിടിക്യുഐ പ്ലസ് കമ്മ്യൂണിറ്റിക്കും ബാധകമാക്കുന്നതിന് അനുമതി തേടി രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി പരിഗണിച്ചത്. രണ്ട് സ്വവര്‍ഗ ദമ്പതികള്‍ വെവ്വേറെ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി നടപടി. ഒപ്പം സമാന ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ഡല്‍ഹി, ഗുജറാത്ത്, കേരളം തുടങ്ങിയ ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഒമ്പത് ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റി. സ്പെഷല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം എന്നിവ പ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ കേന്ദ്രം ഫെബ്രുവരി 15നകം സമര്‍പ്പിക്കണമെന്നും മാര്‍ച്ച് 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

കേസിന് പിന്നിലെ സുപ്രിയോ ചക്രവര്‍ത്തി-അഭയ് ദങ് ദമ്പതികള്‍

10 വര്‍ഷമായി ദമ്പതികളായി കഴിയുന്ന സുപ്രിയോ ചക്രവര്‍ത്തി-അഭയ് ദങ് എന്നിവരുടെയടക്കം പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കേസിന് പിന്നില്‍. 17 വര്‍ഷമായി ഒന്നിച്ചുകഴിയുന്ന പാര്‍ഥ് ഫിറോസ്-ഉദയ് രാജ് ആനന്ദ്, 2014ല്‍ അമേരിക്കയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സ്വവര്‍ഗ ദമ്പതികളുടെ ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ട്. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിതേടി ആദ്യം സുപ്രിംകോടതിയെ സമീപിച്ചത് ഹൈദരാബാദില്‍ നിന്നുള്ള സുപ്രിയോ ചക്രവര്‍ത്തി, അഭയ് ദങ് എന്നിവരാണ്. 1954 ലെ സ്പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പത്ത് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഇരുവരും കോവിഡ് ബാധിതരായിരുന്നു. തുടര്‍ന്നാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്.ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഇരുവരും വിവാഹിതരായി. 2021 ഡിസംബറില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ സ്വവര്‍ഗ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരോട് വിവേചനപരമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യത്യസ്ത ജാതിയിലും, മതത്തിലുംപെട്ടവരുടെ വിവാഹം സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നല്‍കിയിട്ടുണ്ട്. അതുപോലെ സ്വവര്‍ഗ വിവാഹത്തിനും ആ പരിരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു കുട്ടികളെ വളര്‍ത്തുന്ന അച്ഛന്‍മാരുടെ ഹര്‍ജി

17 വര്‍ഷമായി ബന്ധത്തിലുള്ള പാര്‍ഥ് ഫിറോസ് മെഹ്‌റോത്രയും ഉദയ് രാജ് ആനന്ദുമാണു രണ്ടാമത്തെ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. തങ്ങള്‍ രണ്ടു കുട്ടികളെ ഒരുമിച്ച് വളര്‍ത്തുന്നുണ്ടെന്നു പറഞ്ഞ ഇവര്‍, വിവാഹം നിയമപരമായി നടത്താനാകാത്തതിനാല്‍ തങ്ങളും കുട്ടികളും തമ്മിലുള്ള നിയമപരമായ ബന്ധം സാധ്യമാകാത്ത സാഹചര്യമുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ വിവാഹിതരായ പുരുഷ പങ്കാളികളായ സോനുവും നികേഷും ഇവരുടെ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

ഹര്‍ജിക്കാരുടെ അഭിഭാഷകര്‍

25 നവംബര്‍ 2022നാണ് സ്വവര്‍ഗ വിവാഹങ്ങള്‍ 1954ലെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടിയത്. അറ്റോര്‍ണി ജനറലിനും കോടതി പ്രത്യേകം നോട്ടിസ് അയച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ നീരജ് കിഷന്‍ കൗള്‍, മേനക ഗുരുസ്വാമി എന്നിവരും അഭിഭാഷകരായ അരുന്ധതി കട്ജു, പ്രിയ പുരി, ശ്രിസ്തി ബോര്‍ഡാകൂര്‍ എന്നിവരും സുപ്രീം കോടതിയില്‍ ആദ്യ ദമ്പതികള്‍ക്ക് വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗിയും സൗരഭ് കിര്‍പാലുമാണ് രണ്ടാമത്തെ ഹര്‍ജിയില്‍ ഹാജരായത്. നിലവില്‍ അഭിഭാഷകരായ അരുന്ധതി കട്ജു ഹര്‍ജിക്കാരുടെയും കനു അഗര്‍വാള്‍ കേന്ദ്രത്തിന്റെയും നോഡല്‍ കോണ്‍സല്‍മാരാണ്. ഇവരാണ് കേസുമായി ബന്ധപ്പെട്ട രേഖകളും നിയമനിര്‍മാണങ്ങളും കീഴ്വഴക്കങ്ങളും സമാഹരിച്ചത്.

പ്രധാന വാദങ്ങള്‍

ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഇവരുടെ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നുണ്ട്. കുട്ടികളെ ദത്തെടുക്കുക, പിന്തുടര്‍ച്ചാ അവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നിങ്ങനെ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതില്‍ പങ്കാളിയുടെ കോളത്തില്‍ പേര് ചേര്‍ക്കാന്‍ പോലും ഇവര്‍ക്ക് കഴിയാറില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത, അന്തസ്, സ്വകാര്യത എന്നിവയ്ക്കുള്ള അവകാശം മറ്റെല്ലാ പൗരന്മാരെയും പോലെ എല്‍ജിബിടിക്യു പ്ലസ് വ്യക്തികള്‍ക്കും ഉണ്ട്. സുപ്രീം കോടതി വിധിച്ച നവതേജ് സിങ് ജോഹറിന്റെയും പുട്ടസ്വാമിയുടെ വിധിന്യായങ്ങളും ശ്രദ്ധയില്‍ പെടുത്തിയുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചത്. ഇതൊരു പൊതു പ്രാധാന്യമുള്ള വിഷയമാണ്. ഇത് ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്തുമെന്നും മുകുള്‍ റോത്തഗി പറഞ്ഞു.ഗ്രാറ്റുവിറ്റി, ദത്തെടുക്കല്‍, സ്വവര്‍ഗ ദമ്പതികളുടെ വാടക ഗര്‍ഭധാരണം, ജോയിന്റ് അക്കൗണ്ടുകള്‍ തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെ ഈ പ്രശ്‌നം ബാധിക്കുമെന്നാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളിന്റെ പ്രധാന വാദത്തിലുണ്ടായിരുന്നത്. സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കാത്തത്, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെയും ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂല്യങ്ങള്‍ക്കെതിരെന്ന് മുന്‍പും കേന്ദ്രം വ്യക്തമാക്കി

ഇത് ആദ്യമായല്ല കേന്ദ്രം ഇത്തരമൊരു നിലപാട് എടുക്കുന്നത്. 2020ല്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ ആദ്യമായി മറുപടി നല്‍കിയത്. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നും ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രതികരണം അറിയിച്ചത്. ഇത്തരം വിവാഹ രജിസ്ട്രേഷന്‍ രാജ്യത്തെ നിയമത്തിനും മൂല്യത്തിനും എതിരാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം വിവാഹങ്ങള്‍ ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചാല്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് എതിരായി മാറും. വിവാഹം വിശുദ്ധ കര്‍മമായി കരുതുന്നതാണ് ഇന്ത്യയുടെ മൂല്യം. ഇതിന് എതിരാണ് സ്വവര്‍ഗ വിവാഹം.

2018ലെ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന ചരിത്ര വിധിയും അഭിഭാഷക പങ്കാളികളും

2018 സെപ്റ്റംബര്‍ ആറിനായിരുന്നു സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന ചരിത്ര വിധി പ്രസ്താവം സുപ്രീം കോടതി നടത്തിയത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ല.ലൈംഗിക ആഭിമുഖ്യം ജന്‍മനാ ഉണ്ടാകുന്നതാണ്. ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് ഒരാളുടെ ലൈംഗികത. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നായിരുന്നു സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള സെക്ഷന്‍ 377 റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത്. അന്നത്തെ ആ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് അഭിഭാഷക പങ്കാളികളായ അരുദ്ധതി കട്ജുവും മേനക ഗുരുസ്വാമിയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെതിരെ നിയമയുദ്ധം നയിച്ച ഇരുവര്‍ക്കുംം ജീവിത പോരാട്ടം കൂടിയായിരുന്നു അത്. കേസില്‍ ഹര്‍ജിക്കാരായിരുന്ന ഐഐടി വിദ്യാര്‍ത്ഥികള്‍ക്കും അലുമ്നി സംഘത്തിനും വേണ്ടി വാദിച്ച അഭിഭാഷകരാണ് മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. തൊഴില്‍പരമായ പോരാട്ടം മാത്രമായിരുന്നില്ല ഇതെന്നും തങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതെളിയിക്കല്‍ കൂടിയായിരുന്നെന്നും സിഎന്‍എനിലെ അഭിമുഖത്തില്‍ ഇരുവരും തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹം, കേന്ദ്രം പറഞ്ഞത്

ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയില്‍ സ്വവര്‍ഗ വിവാഹംത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസില്‍ 2021ലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നു. ‘വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങള്‍ പാര്‍ലമെന്റ് രൂപകല്‍പ്പന ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങള്‍. മതപരമായ അനുമതി വഴി നിയമപരമായ അനുമതി നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപെടല്‍ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂര്‍ണമായും തകര്‍ക്കും’.സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ് എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് സാധ്യമോ പ്രായോഗികമോ അല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ഫലമായി നിരവധി നിയമപരമായ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രത്യേക ഉത്തരവില്ലാത്ത സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന പ്രശ്നം ഉന്നയിച്ചാണ് അബിജിത്ത് അയ്യര്‍ മിത്ര, ഗീത തടാനി, ഗോപി ശങ്കര്‍, എം.ഊര്‍വാസി എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

.

Share
അഭിപ്രായം എഴുതാം