കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി ലോക്സഭാ എംപി പ്രജ്ഞാ താക്കൂര്‍. രാഹുല്‍ ഗാന്ധി അടുത്തിടെ യുകെയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് അവര്‍ കടന്നാക്രമിച്ചത്. ഒരു വിദേശ വനിതയില്‍ ജനിച്ച മകന് ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും, അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചുവെന്നും ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി അവകാശപ്പെട്ടു. ‘ഞങ്ങളുടെ മൈക്കുകള്‍ ക്രമരഹിതമല്ല, അവ പ്രവര്‍ത്തിക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും അവ ഓണാക്കാന്‍ കഴിയില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ പലതവണ എനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്’ എന്ന രാഹുലിന്റെ പരാമര്‍ശം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്‌പോരിന് ഇടയാക്കിയിരുന്നു.
‘നിങ്ങളുടെ അമ്മ ഇറ്റലിയില്‍ നിന്നുള്ളതിനാല്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരല്ലെന്ന് ഞങ്ങള്‍ ഊഹിച്ചു.’ താക്കൂറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന യുകെയില്‍ ഒരു പരിപാടിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
‘നിങ്ങള്‍ വിദേശരാജ്യത്ത് പോയി ഇവിടുത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയുന്നു. ഇതിലും ലജ്ജാകരമായ മറ്റൊന്നില്ല. അവര്‍ക്ക് (രാഹുല്‍ ഗാന്ധി) രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്, അവരെ രാജ്യത്തില്‍ നിന്ന് പുറത്താക്കണം.’ പ്രജ്ഞ താക്കൂര്‍ എഎന്‍ഐയോട് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്നും, രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ലോക്സഭയില്‍ പലപ്പോഴും പ്രതിപക്ഷത്തിന്റെ മൈക്കുകള്‍ നിശബ്ദമാകാറുണ്ടെന്ന് അദ്ദേഹം ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞിരുന്നു.