സിലിക്കണ്‍ വാലി ബാങ്കിന്റെ പതനത്തില്‍ തിരിച്ചടിയേറ്റ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും

വമ്പന്‍ ടെക്നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു പണം നല്‍കുന്ന, അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് (എസ്.വി.ബി) പൊട്ടിയതിനേത്തുടര്‍ന്നു നിക്ഷേപകര്‍ പരിഭ്രാന്തിയില്‍. നാല്‍പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് 25 ലക്ഷം ഡോളറിലധികം (ഏകദേശം 20.49 കോടി രൂപ) ഇവിടെ നിക്ഷേപമുള്ളത്. ഇവിടെ 10 ലക്ഷം ഡോളറിലേറെ നിക്ഷേപമുള്ള 20 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുമുണ്ട്. വൈ കോമ്പിനേറ്ററു (വൈ.സി)ടെ സഹായത്തിനായാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കണ്‍ വാലി ബാങ്കില്‍ പണം നിക്ഷേപിച്ചത്. വൈ.സിയുടെ സഹായത്തോടെ യു.എസില്‍ കമ്പനി ഉണ്ടാക്കിയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം കണ്ടെത്തിയിരുന്നത്. ഇതില്‍ 30 ശതമാനം കമ്പനികള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. കുറഞ്ഞത് 30 ദിവസമെങ്കിലും അവര്‍ക്കു ധനമൊഴുക്ക് തടസപ്പെടും. പ്രരംഭഘട്ടം പിന്നിട്ട കമ്പനികള്‍ക്കു പ്രതിസന്ധിയുണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്. അവര്‍ക്ക് യു.എസില്‍ ഒന്നിലേറെ ബാങ്കുകളുമായി ഇടപാടുള്ളതാണു കാരണം. വൈ.സിക്ക് ഇന്ത്യയില്‍ 200 നിക്ഷേപകര്‍ ഉണ്ടെന്നാണു കണക്ക്. പ്രതിസന്ധിയെക്കുറിച്ചുള്ള സൂചന ലഭിച്ചപ്പോള്‍ സിലിക്കണ്‍ വാലി ബാങ്കില്‍നിന്നു പണം പിന്‍വലിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ പണം പിന്‍വലിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

ആഗോളസാമ്പത്തികമാന്ദ്യത്തിനുശേഷം സംഭവിച്ച ഏറ്റവും വലിയ ബാങ്ക് തകര്‍ച്ച

2008-ലെ ആഗോളസാമ്പത്തികമാന്ദ്യത്തിനുശേഷം സംഭവിച്ച ഏറ്റവും വലിയ ബാങ്ക് തകര്‍ച്ച ആഗോള ഓഹരിവിപണിയേയും ബാധിച്ചു. കഴിഞ്ഞ ആഴ്ചയാണു കലിഫോര്‍ണിയയിലെ ബാങ്കിങ് റഗുലേറ്ററി അധികൃതര്‍ എസ്.വി.ബി. അടച്ചുപൂട്ടി നിക്ഷേപങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. ടെക്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു വന്‍തോതില്‍ സാമ്പത്തികസഹായം നല്‍കിയിരുന്ന എസ്.വി.ബിയുടെ ആസ്തിനിക്ഷേപങ്ങളെല്ലാം യു.എസ്. ബോണ്ടുകളിലായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എസ്. ഫെഡറല്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങിയതോടെ ബോണ്ട് മൂല്യം കുത്തനെയിടഞ്ഞതാണ് എസ്.വി.ബിക്കു വിനയായത്.

കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്നു സ്റ്റാര്‍ട്ട്അപ് ഫണ്ടിങ് കുറയുകയും ഇടപാടുകാര്‍ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുകയും ചെയ്തതു ബാങ്കിന്റെ നിലനില്‍പ്പിനെ ബാധിച്ചു. നിക്ഷേപങ്ങള്‍ മടക്കിനല്‍കുന്നതിനായി, മൂല്യം ഇടിഞ്ഞുനില്‍ക്കുമ്പോള്‍പോലും ഓഹരികള്‍ വിറ്റഴിക്കേണ്ടിവന്നു.
200 കോടി ഡോളറിന്റെ നഷ്ടമുള്ളതായി കഴിഞ്ഞയാഴ്ച ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ബാങ്ക് അടച്ചുപൂട്ടിയതിനേത്തുടര്‍ന്ന് ഇടപാടുകാരുടെ 17,500 കോടി ഡോളറി(ഏകദേശം 14.34 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപങ്ങള്‍ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷ(എഫ്.ഡി.ഐ.സി)ന്റെ നിയന്ത്രണത്തിലായി. എസ്.വി.ബിയുടെ മുഴുവന്‍ ആസ്തികളും എഫ്.ഡി.ഐ.സി. പുതുതായി രൂപീകരിച്ച നാഷണല്‍ ബാങ്ക് ഓഫ് സാന്റാ ക്ലാരയ്ക്കു കീഴിലാക്കി. പുതിയ ബാങ്കിന്റെ മുഴുവന്‍ ശാഖകളും അടുത്ത ദിവസം തുറക്കുമെന്നും എസ്.വി.ബി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും എഫ്.ഡി.ഐ.സി. വ്യക്തമാക്കി. എസ്.വി.ബിയുടെ ചെക്കുകള്‍ തുടര്‍ന്നും സാധുവായിരിക്കും.

വലിയൊരു ശതമാനം നിക്ഷേപത്തിനും പരിരക്ഷയില്ല

ബ്ലൂംബര്‍ഗിന്റെ കണക്കുപ്രകാരം 12 മാസത്തിനിടെ ബാങ്കിന്റെ മൊത്തം നിക്ഷേപം 62 ബില്യണ്‍ ഡോളറില്‍നിന്ന് 124 ബില്യണ്‍(100% വര്‍ധന) ഡോളറായി. കാലിഫോര്‍ണിയയിലെതന്നെ ജെപി മോര്‍ഗന്റെ(24%)യും ഫെസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ(36.5%)യും നിക്ഷേപവരവിനെ മറികടന്നായിരുന്നു ഈകുതിപ്പ്.
വന്‍തോതില്‍ നിക്ഷേപമെത്തിയതിനെ തുടര്‍ന്നാകാം എസ്.വി.ബിയിലെ വലിയൊരു ശതമാനം നിക്ഷേപത്തിനും പരിരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല. ബാങ്കിന്റെ ഉയര്‍ന്ന ആസ്തി നിലവാരംകൊണ്ട് റെഗുലേറ്ററി കടമ്പകളെല്ലാം ആനായാസം മറികടക്കാനുമായി. നിക്ഷേപങ്ങളെല്ലാം മഞ്ഞുമലപോലെയായിരുന്നു. രൂപപ്പെട്ട പ്രതിസന്ധി ഉപരിതലത്തിലുള്ളതിനേക്കാള്‍ ആഴമേറിയതായിരുന്നു.

അതിജീവിക്കുമോ?

അത്രപെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നതല്ല എസ്.വി.ബിയുടേത്. പരിരക്ഷയ്ക്ക് അര്‍ഹമായ നിക്ഷേപം ലഭ്യമാക്കാമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടായില്ല. അതിസമ്പന്നരും സ്റ്റാര്‍ട്ടപ്പുകളും ഉപഭോക്താക്കളായ ബാങ്കിന്റെ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ഈതുകയുടെ പതിന്മടങ്ങ് ഇരട്ടിയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് കമ്പനികള്‍ക്കും ദൈനംദിന ചെലവുകളും ശമ്പളം പോലും നല്‍കുന്നതിന് ആഴ്ചകളോളം കാത്തിരിക്കാനാവില്ല. കൂട്ടപിരിച്ചുവിടലുകള്‍ക്കും നിര്‍ബന്ധിത അവധികള്‍ക്കും ഇത് കാരണമായേക്കാം.ഒരു ബാങ്ക് പ്രതിസന്ധിനേരിട്ടാല്‍ സാധാരണഗതിയില്‍ റെഗുലേറ്റര്‍മാരുടെ നേതൃത്വത്തില്‍ ശക്തരായ ധനകാര്യ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനായി രംഗത്തുവരും. ഇവിടെ ആരും മുന്നോട്ടുവന്നിട്ടില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

Share
അഭിപ്രായം എഴുതാം