അശ്വിന് 26

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ പുതിയ റെക്കോഡ് സ്വന്തമാക്കി. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു അത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ 26-ാമത്തേതും. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. നാട്ടിലെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുത്ത ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി. രാജ്യാന്തര തലത്തില്‍ ശ്രീലങ്കയുടെ രംഗന ഹെറാത്തിനൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിന്‍. ലങ്കയുടെ ഇതിഹാസ താരം മുത്തയ്യാ മുരളീധരനാണ് (45) ഒന്നാം സ്ഥാനത്ത്. 73 ടെസ്റ്റില്‍ നിന്നാണു മുരളീധരന്‍ 45 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മുന്‍ നായകന്‍ അനില്‍ കുംബ്ലെയുടെ (25) റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

ഒന്നാം ഇന്നിങ്സില്‍ 47.2 ഓവറുകള്‍ എറിഞ്ഞ അശ്വിന്‍ 91 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്തു. പരമ്പരയിലാകെ 24 വിക്കറ്റുകളെടുത്ത അശ്വിന്‍ രവീന്ദ്ര ജഡേജയെ മറികടന്ന് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം അശ്വിനും നഥാന്‍ ലിയോണും (113) പങ്കുവയ്ക്കുകയാണ്. കുംബ്ലെയെ (111) മറികടന്നായിരുന്നു അശ്വിന്റെ മുന്നേറ്റം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഏഴാമനുമാണ്. 148 വിക്കറ്റെടുത്ത ഇം ണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഒന്നാമന്‍. വെസ്റ്റിന്‍ഡീസിന്റെ കോര്‍ട്‌നി വാല്‍ഷ് 135 വിക്കറ്റുകളുമായി പിന്നിലുണ്ട്. സ്റ്റുവര്‍ട്ട് ബ്രോഡ് (131), കര്‍ട്‌ലി ആംബ്രോസ് (128), ബോബ് വില്ലീസ് (128) എന്നിവരാണ് അശ്വിന് മുന്നില്‍.

Share
അഭിപ്രായം എഴുതാം