അഹമ്മദാബാദ് ടെസ്റ്റ്: തിരിച്ചടിക്കാന്‍ ഇന്ത്യ

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്ണെന്ന നിലയില്‍. നായകന്‍ രോഹിത് ശര്‍മ (33 പന്തില്‍ 17), ശുഭ്മന്‍ ഗില്‍ (27 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 18) എന്നിവരാണു ക്രീസില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 480 റണ്ണിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് അവര്‍ക്കൊപ്പമെത്താന്‍ 444 റണ്‍ കൂടി വേണം. ഒന്നാം സെഞ്ചുറിയടിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ (422 പന്തില്‍ 21 ഫോറുകളടക്കം 180) കൂടാതെ കാമറൂണ്‍ ഗ്രീനും തിളങ്ങി. കന്നി ടെസ്റ്റ് സെഞ്ചുറിയടിച്ച ഗ്രീന്‍ 170 പന്തില്‍ 18 ഫോറുകളടക്കം 114 റണ്ണെടുത്തു. ഇന്ത്യക്കായി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ ആറ് വിക്കറ്റുമായി തിളങ്ങി. ഖ്വാജയാണു ടോപ് സ്‌കോറര്‍. അഞ്ചാം വിക്കറ്റില്‍ ഖ്വാജയും ഗ്രീനും ചേര്‍ന്നു നേടിയ 208 റണ്ണാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. 1979 ലാണ് ഓസീസ് ബാറ്റര്‍മാര്‍ അഞ്ചാം വിക്കറ്റില്‍ അവസാനം ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ആകെ അഞ്ചു തവണയാണ് അവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇരട്ട സെഞ്ചുറി കാണുന്നത്.

ഗ്രീനിനെയും അലക്സ് കാരിയെയും (0) ഒരേ ഓവറില്‍ പുറത്താക്കി അശ്വിനാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. അശ്വിന്റെ പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ഗ്രീനിനു പിഴച്ചു. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ താരം പുറത്ത്. കന്നി സെഞ്ചുറിയടിച്ചതിന്റെ ആശ്വാസം പറഞ്ഞറിയിക്കാനാകില്ലെന്നു കാമറൂണ്‍ ഗ്രീന്‍ മത്സരത്തിനു ശേഷം പറഞ്ഞു. അഞ്ചുവട്ടമാണു താരം 74 നും 84 നും ഇടയില്‍ വീണത്. 23 വയസുകാരനായ ഗ്രീനിന്റെ 20-ാം ടെസ്റ്റാണിത്. ആറ് അര്‍ധ സെഞ്ചുറികളാണ് ഇതുവരെ പട്ടികയിലുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം ഖ്വാജയും മടങ്ങി. ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ പന്ത് അലക്ഷ്യമായി നേരിട്ട താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അക്ഷറിന്റെ പട്ടേലിന്റെ അപ്പീല്‍ അമ്പയര്‍ നിരസിച്ചെങ്കിലും ഇന്ത്യ റിവ്യൂവിന് നല്‍കി. ഫലം അനുകൂലമായി. ഇരട്ട സെഞ്ചുറിയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാതെ ഖ്വാജ മടങ്ങി. മിച്ചല്‍ സ്റ്റാര്‍കിനെ (ആറ്) അശ്വിന്‍ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ നഥാന്‍ ലിയോണും (96 പന്തില്‍ 34) ടോഡ് മര്‍ഫിയും (61 പന്തില്‍ അഞ്ച് ഫോറുകളടക്കം 41) ചേര്‍ന്ന് 70 റണ്‍ കൂട്ടിച്ചേര്‍ത്തു.

മര്‍ഫിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി അശ്വിനാണു കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ലിയോണിനെയും പുറത്താക്കി അശ്വിന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ട്രാവിസ് ഹെഡ് (32), മാര്‍നസ് ലാബുഷാഗെ(മൂന്ന്), സ്റ്റീവ് സ്മിത്ത് (38), പീറ്റര്‍ ഹാന്‍ഡ്‌കോബ് (17) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ദിനം നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരെന്ന നിലയില്‍ ഇന്ത്യ പരമ്പര നിലനിര്‍ത്തി. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ജയിച്ച് ഓസ്‌ട്രേലിയ തിരിച്ചടിച്ചു. ഇവിടെ ജയിച്ചാല്‍ ഇന്ത്യക്ക് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു യോഗ്യത ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →