തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായിട്ടുളള ആരോപണങ്ങള്‍ പിന്‍വലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാര്‍ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. സമൂഹ മാദ്ധ്യമത്തില്‍ ലൈവ് വീഡിയോയിലാണ് സ്വപ്‌ന ആരോണങ്ങള്‍ ഉന്നയിച്ചത് സ്വര്‍ണക്കടത്തുകേസില്‍ ഒരു തരത്തിലുമുളള ഒത്തുതീപ്പിനും വഴങ്ങില്ലെന്നും അവസാന ശ്വാസം വരെ പൊരുതുമെന്നും അവര്‍ വ്യക്തമാക്കി.
കണ്ണൂര്‍ സ്വദേശിയായ വിജയ് പിളള എന്നയാള്‍ മൂന്നുദിവസം മുമ്പ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബംഗളൂരിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി ഇയാള്‍ വാഗ്‌ദാനം ചെയ്‌തു. കേരളം വിടുന്നിന് സഹായം ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ ജീവന് അപകടമാണെന്ന് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും തന്നെ ഉപയോഗിച്ചു.
സ്വര്‍ണക്കടത്തുകാരിയായാണ് താന്‍ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളി അല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം തന്റെ തലയില്‍ വയ്‌ക്കാന്‍ ജയിലിലടച്ചു. ജയിലിലില്‍ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുളള വോയിസ് ക്ലിപ്പുകള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ശിവശങ്കറിന്റെ യഥാര്‍ത്ഥ മുഖം മനസിലാക്കിയ ശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ട്. വിജയ്‌പിളള ബെംഗളൂരുവിലെ ഹോട്ടല്‍ ലോബിയില്‍ വച്ച് സംസാരിച്ചപ്പോള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഒരാഴ്‌ച സമയം തരാം മക്കളുമായി ഹരിയാനയിലോ, ജയ്‌പ്പൂരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാന്‍ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകള്‍ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ നശിപ്പിക്കാമെന്നും വിജയ്‌പിളള പറഞ്ഞു. കേരളം വിട്ടില്ലെങ്കില്‍ പിന്ന ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും ആയുസിന് ദോഷം വരുമെന്നും പറയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിളള പറഞ്ഞു. എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കളളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്നും ആവശ്യപ്പെട്ടു. ഉത്തരേന്ത്യയില്‍ നിന്ന് യുകെയിലോ,മലേഷ്യയിലോ പോകാനുളള അവസരം ഉണ്ടാക്കാമെന്നും സ്വപ്‌ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പലകാര്യങ്ങള്‍ക്കുംവേണ്ടി എന്നെ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ജയിലിലടച്ചു. ജയിലില്‍ വച്ചുതന്നെ തുറന്നുപറയാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ശിവശങ്കര്‍ ഉള്‍പ്പെടയുളളവരുടെ കളളത്തരം തിരിച്ചറിഞ്ഞതോടയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. വിജയ്‌പിളള എന്നൊരാള്‍ കണ്ണൂരില്‍ നിന്നും നിരന്തരം വിളിച്ച് ഇന്റര്‍വ്യൂ എടുക്കാനെന്നുപറഞ്ഞു. അതനുസരിച്ച ബെംഗളൂരുവിലെ ഹോട്ടലിലെത്തി. ഹരിയാന ,ജയ്‌പ്പൂര്‍ എന്നിവിടങ്ങളിലേക്ക് മാറണമെന്ന് വിജയ് പിളള പറഞ്ഞു. മലേഷ്യയിലേക്ക് മൂന്നുമാസത്തിനുളളില്‍ കളളവിസ തയ്യാറാക്കിത്തരാം. 10 കോടി തരാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് 30 കോടിയാക്കി. എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും എല്ലാസഹായവും നല്‍കും. പിന്നെ ജീവിച്ചിരിക്കുന്നതുപോലും ആരും അറിയാന്‍ പാടില്ല. മരണം ഉറപ്പാണെന്ന് അതില്‍നിന്ന് എനിക്കുറപ്പായി .
ഗോവിന്ദന്‍മാഷ് തീര്‍ത്തുകളയുമെന്ന് പറഞ്ഞു. ആദ്യം അപേക്ഷയുടെ രൂപത്തിലും പിന്നീട് ഭീഷണിയുടെ രൂപത്തിലും പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം മെയിലായി അഭിഭാഷകന്‍ കൃഷ്‌ണ കുമാറിന് നല്‍കി.കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്കും ഈ വിവരം കൈമാറിയിട്ടുണ്ട്. ഒടുക്കം കാണാതെ ഇത് നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്ന് പിണറായി വിജയനോട് വ്യക്തമായും പറയുന്നു. ജീവനുണ്ടെങ്കില്‍ നിങ്ങളുടെ മകളുടെ എല്ലാ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് എല്ലാ വിവരങ്ങളും പുറത്തുവിടും. വിജയ് പിളളക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരുതരത്തിലുമുളള ഒത്തുതീര്‍പ്പിനും തയാറല്ല. അവസാന ശ്വാസം വരെയും പൊരുതും. എന്നെ കൊല്ലണമെങ്കില്‍ എംവി ഗോവിന്ദന് നേരിട്ടുവന്ന് ചെയ്യാം. എന്നെ കൊന്നാലും എന്റെ കുടുംബവും വക്കീലും ഈ കേസുമായി മുന്നോട്ടുപോകും എനിക്ക് 30 കോടിയും 100 കോടിയും ആവശ്യമില്ല. ബെംഗളൂരുവില്‍ നിന്നു പോവാന്‍ സാധിക്കില്ല. ഫെയ്‌സ് ബുക്കില്‍ വരുന്നുവെന്ന് മലയാളത്തില്‍ എഴുതിയത് മകളാണ്. എനിക്കു മലയാളം എഴുതാന്‍ അറിയില്ല. സ്വപ്‌ന പറഞ്ഞു.
ഒത്തുതീര്‍പ്പിനെത്തിയത് വിജയ് പിളളയെന്നാണ് സ്വപ്‌ന ഫെയ്‌സ്‌ബുക്ക് ലൈവില്‍ പറഞ്ഞതൈങ്കിലും രേഖകളിലും മറ്റും വിജേഷ് പിളളയെന്നാണ് .ബെംഗളൂരു ആസ്ഥാനമായ ഐടി കമ്പനിയുടെ സിഇഒ ആണ് ഇയാള്‍