പ്രതിരോധമേഖലയ്ക്ക് 18.30 ലക്ഷം കോടി വകയിരുത്തി ചൈന

ബെയ്ജിങ്: നയംമാറ്റത്തിന്റെ സൂചന നല്‍കി ചൈനീസ് ബജറ്റ്. പ്രതിരോധ മേഖലയ്ക്ക് വകയിരുത്തിയത് 18.30 ലക്ഷം കോടി രൂപ (224 ശതകോടി ഡോളര്‍). രണ്ട് പതിറ്റാണ്ടായി അടിസ്ഥാന സൗകര്യ വികസനത്തിനാണു പ്രതിരോധ മേഖലയേക്കാള്‍ ബജറ്റ് വിഹിതം അനുവദിച്ചിരുന്നത്. ഇതിലെ മാറ്റമാണു ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 7.2 ശതമാനത്തിന്റെ വര്‍ധനയാണു പ്രതിരോധ വിഹിതം. ഇന്ത്യന്‍ പ്രതിരോധ ബജറ്റിന്റെ ഏകദേശം മൂന്നു മടങ്ങ് വരുമിത്. 5.94 ലക്ഷം കോടി രൂപയാണ് ഇത്തവണ കേന്ദ്ര ബജറ്റില്‍ ഇന്ത്യ പ്രതിരോധത്തിനായി നീക്കിവച്ചത്. ഇത് മൂന്നാം തവണയാണു ചൈനയുടെ ഔദ്യോഗിക പ്രതിരോധ ചെലവ് 200 ശതകോടി ഡോളര്‍ കടന്നത്. ചൈനീസ് നീക്കത്തെ ഗൗരവത്തോടെയാണു യു.എസും തായ്‌വാനും കാണുന്നത്. തായ്‌വാന്‍ അധിനിവേശത്തിനു ചൈന നീക്കം നടത്തുമെന്നാണ് ആശങ്ക. ചൈനയുടെ 2027 ലെ ലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തമാക്കുകയാണു കൂടുതല്‍ ബജറ്റ് വിഹിതത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു പ്രധാനമന്ത്രി ലീ കെക്വിയാങ് വ്യക്തമാക്കി.

ബെയ്ജിങ്ങിന്റെ വിപുലമാകുന്ന സൈനിക അഭിലാഷത്തിന്റെ അളവുകോലായാണ് ഈ വര്‍ധനയെ ലോകം നോക്കിക്കാണുന്നത്. ഇന്ത്യയും തയ്‌വാനുമടക്കമുള്ള അയല്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ വര്‍ധനയ്ക്കു വലിയ പ്രധാന്യമുണ്ടെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ചൈനയുടെ പ്രതിരോധ ബജറ്റ് ഔദ്യോഗികമായി പുറത്തു വിടുന്നതിന്റെ പലമടങ്ങ് വലുതായിരിക്കുമെന്ന വസ്തുത മറക്കരുതെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കരസേനയും നാവികസേനയും നിലവില്‍ ചൈനയുടേതാണ്.
ചൈനീസ് പാര്‍ലമെന്റായ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ എട്ടു ദിവസത്തെ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെയാണ് അഞ്ചു ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്ന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. കോവിഡ് അനുബന്ധ നിയന്ത്രണങ്ങളെത്തുടര്‍ന്നു കടുത്ത തിരിച്ചടി നേരിട്ട ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനം മാത്രമായിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഉപഭോഗം വീണ്ടെടുക്കുന്നതിനും വിപുലീകരിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന സന്ദേശമാണു കാലാവധി പൂര്‍ത്തിയാക്കുന്ന ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത്.

2022-ല്‍ 1.2 കോടി തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നും നഗര മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 5.5% ആയി കുറഞ്ഞുവെന്നും സര്‍ക്കാരിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് പദത്തില്‍ മൂന്നാമൂഴത്തിന് തയ്യാറെടുക്കുന്ന ഷീ ചിങ് പിങ് ഉള്‍പ്പടെയുള്ള ഉന്നത നേതൃത്വം സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →