അര്‍ബുദ രോഗിയെന്നു പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

തൊടുപുഴ: അര്‍ബുദ രോഗിയെന്നു കള്ളം പറഞ്ഞു മുന്‍ സഹപാഠികളില്‍നിന്നും അധ്യാപകരില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരിമണ്ണൂര്‍ മുളപ്പുറം ഐക്കരമുക്കില്‍ സി. ബിജുവാ(45)ണ് പിടിയിലായത്. വാട്സ് ആപ്പില്‍ സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊെബെല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബന്ധുക്കളുടെ പേരില്‍ വിളിച്ചും തന്ത്രപരമായാണ് പണം തട്ടിയത്. പാലായിലെ ഒരു കോളജില്‍ പഠിച്ചിരുന്ന ഇയാള്‍ ബാച്ചിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നു. താന്‍ അര്‍ബുദ ബാധിതനാണെന്നു കാണിച്ച് ഒരു ദിവസം ഗ്രൂപ്പില്‍ മെസേജ് അയച്ചു. തുടര്‍ന്ന് അമ്മാവനെന്നു പരിചയപ്പെടുത്തി പ്രായമുള്ള ഒരാള്‍ ഗ്രൂപ്പ് അംഗങ്ങളെ വിളിച്ചു. ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നു സഹപാഠികള്‍ ചികിത്സയ്ക്കായി പണം പിരിച്ചു തുടങ്ങി. പത്തര ലക്ഷത്തോളം രൂപ പിരിച്ചുനല്‍കി. ശബ്ദം മാറ്റുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇയാള്‍തന്നെയായിരുന്നു സഹായം അഭ്യര്‍ഥിച്ചു വിളിച്ചത്.

സഹോദരി എന്നു പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തില്‍ ഇയാള്‍ അധ്യാപകരെ വിളിച്ചും സഹായം അഭ്യര്‍ഥിച്ചു. അവരും പണം പിരിച്ചുനല്‍കി. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചെന്നു പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലെ വ്യാജ ചികിത്സാ രേഖകള്‍ ഇയാള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ ചികിത്സയ്ക്കായി പിന്നീടും ഇയാള്‍ സഹായം അഭ്യര്‍ഥിച്ചു. ഇതിനിടെ സഹപാഠികള്‍ അമ്മാവന്റെ നമ്പരിലേക്കു വിളിച്ചു. ഇനി അവനില്ലെന്ന ഉത്തരമാണ് ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ഗ്രൂപ്പ് അംഗങ്ങള്‍ ഇയാളെ അന്വേഷിച്ചു തുടങ്ങി. തൊടുപുഴയില്‍ ജോലി ചെയ്യുന്ന ഒരാള്‍ ഇയാളെ ടൗണില്‍ കണ്ടു. പുതിയ കാര്‍ വാങ്ങിയതായും മനസിലായി. അപ്പോഴാണ് തട്ടിപ്പിന് ഇരയായ കാര്യം ഗ്രൂപ്പ് അംഗങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് അന്‍പതു പേര്‍ ഒപ്പിട്ടു തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഡിെവെ.എസ്.പി: എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ചേര്‍ത്തല സ്വദേശിയായ ഇയാള്‍ വിവാഹശേഷമാണ് മുളപ്പുറത്തെത്തിയത്. ഇവിടത്തെയും ആലപ്പുഴയിലെയും വിലാസത്തില്‍ ഇയാള്‍ക്കു രണ്ട് ആധാര്‍ കാര്‍ഡുകളുണ്ട്.

Share
അഭിപ്രായം എഴുതാം