ആവേശം സെമിയിലേക്ക്

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിന്റെ അവസാനഘട്ട മത്സരങ്ങള്‍ ഇന്നു മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടങ്ങും.
പോയിന്റ് ടേബിളിലെ മികച്ച നാല് ടീമുകളാണു ഫൈനലും കിരീടവും ലക്ഷ്യമിട്ടു സെമി ഫൈനലില്‍ മത്സരിക്കുന്നത്. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കാലിക്കറ്റ് ഹീറോസ്, ബംഗളുരു ടോര്‍പീഡോസ് ടീമുകളാണു സെമി ഫൈനലില്‍ മത്സരിക്കുന്നത്. ഇന്നു വൈകിട്ട് ഏഴു മുതല്‍ നടക്കുന്ന ആദ്യ സെമിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ബംഗളുരു ടോര്‍പീഡോസിനെ നേരിടും. രണ്ടാം സെമിയില്‍ അഹമ്മദബാദ് ഡിഫന്‍ഡേഴ്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. ഞായറാഴ്ചയാണു ഫൈനല്‍. ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 3-2 നു തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍: 15-7, 15-4, 15-13, 8-15, 11-15.

കൊല്‍ക്കത്തയുടെ വിനിത് കുമാറാണ് കളിയിലെ താരം. വിനിത് കുമാറിന്റെയും രാഹുലിന്റെയും കരുത്തുറ്റ സ്മാഷുകള്‍ തടയാന്‍ അഹമ്മദാബാദിന്റെ പ്രതിരോധ മതിലിന് കഴിഞ്ഞില്ല. അഭിലാഷും ജന്‍ഷാദും ചേര്‍ന്ന് ഡിഫന്‍ഡേഴ്‌സിന്റെ സ്‌പൈക്കുകള്‍ തടഞ്ഞതോടെ 15-7ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അനായാസം ആദ്യസെറ്റ് നേടി. വിനിതിനൊപ്പം അശ്വല്‍ റായ് കൂടി അറ്റാക്കിങ് തുടങ്ങിയതോടെ അഹമ്മദാബാദ് ദുര്‍ബലരായി. കെ.രാഹുലിന്റെ സെര്‍വുകള്‍ക്കും ഡിഫന്‍ഡേഴ്‌സിന് മറുപടിയുണ്ടായില്ല. 15 മിനിറ്റില്‍ 15-4ന് കൊല്‍ക്കത്ത രണ്ടാം സെറ്റും അവസാനിപ്പിച്ചു. മൂന്നാം സെറ്റില്‍ ഡിഫന്‍ഡേഴ്‌സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. സൂപ്പര്‍ പോയിന്റില്‍ ഒപ്പമെത്താമെന്ന ഡിഫന്‍ഡേഴ്‌സിന്റെ മോഹം നന്ദഗോപാലിന്റെ സ്മാഷ് പിഴവില്‍ വിഫലമായി. 13 പോയിന്റില്‍ കൊല്‍ക്കത്തക്ക് അരികില്‍ നില്‍കെ അഹമ്മദാബാദിന് സെര്‍വ് പിഴച്ചു. 15-13ന് സെറ്റും മത്സരവും തണ്ടര്‍ബോള്‍ട്ട്‌സ് സ്വന്തമാക്കി. കൊല്‍ക്കത്തയുടെ ബോണസ് പോയിന്റ് വിജയമെന്ന ലക്ഷ്യം നാലാം സെറ്റില്‍ അഹമ്മദാബാദ് ബ്ലോക്ക് ചെയ്തു. 7-0ന് കുതിച്ച അവര്‍ 15-8ന് അനായാസം സെറ്റ് നേടി. മികവ് തുടര്‍ന്ന ഡിഫന്‍ഡേഴ്‌സ് 15-11ന് അഞ്ചാം സെറ്റും നേടി.

ഏഴ് കളികളില്‍നിന്ന് 12 പോയിന്റ് നേടിയ തണ്ടര്‍ബോള്‍ട്ട്‌സ് ഒന്നാമത് ഫിനിഷ് ചെയ്തു. 11 പോയിന്റ് നേടിയ അഹമ്മദാബാദാണു രണ്ടാമത്. എട്ട് പോയിന്റ് വീതം നേടിയ കാലിക്കറ്റ് ഹീറോസ് മൂന്നാമതും ബംഗളുരു ടോര്‍പീഡോസ് നാലാമതുമായി. ഹൈദരബാദ് ബ്ലാക്ക് ഹോക്‌സ് അഞ്ചാമതും മുംബൈ മീറ്റിരിയേഴ്‌സ് ആറാമതും ഫിനിഷ് ചെയ്തു. നാല് പോയിന്റ് മാത്രം നേടിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഏഴാമതും രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ബ്ലിറ്റ്‌സ് എട്ടാമതുമാണ്.

Share
അഭിപ്രായം എഴുതാം