കേരളത്തിലും ഭരണം പിടിക്കും: മോദി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തിനു സമാനമായി ഭാവിയില്‍ കേരളത്തിലും ബി.ജെ.പി. ഭരണംപിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ജനങ്ങളും സാകൂതം വീക്ഷിക്കുന്നുണ്ട്.

ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മലയാളികളുടെ മിഥ്യാധാരണയില്‍ തിരുത്തല്‍ വരുത്താന്‍ ഈ ഫലം വഴിവയ്ക്കും. പാര്‍ട്ടിക്കു സമീപഭാവിയില്‍ത്തന്നെ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലുമുള്ള അടിയുറച്ച വിശ്വാസത്തിനു തെളിവാണു തെരഞ്ഞെടുപ്പു ഫലമെന്നു മോദി പറഞ്ഞു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ദില്ലി (ന്യൂഡല്‍ഹി) യില്‍നിന്നും ദില്ലില്‍ (ഹൃദയം) നിന്നും അകലെയല്ലെന്ന് ഊട്ടിയുറപ്പിക്കുന്നതാണു ഫലം. വെല്ലുവിളികളെ അതിജീവിച്ച് ഉജ്വലമായി പ്രവര്‍ത്തിച്ച പാര്‍ട്ടി അണികളുടേതാണ് ഈ വിജയം. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കു ഭൂരിപക്ഷമുള്ള ഗോവയില്‍ നമ്മുടെ ഭരണമാണ്. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വിജയം ആവര്‍ത്തിച്ചിരിക്കുന്നു. ബി.ജെ.പി. ക്രൈസ്തവവിരുദ്ധമാണെന്ന പ്രതിപക്ഷ പ്രചാരണത്തിന്റെ അടിവേരിളകിത്തുടങ്ങിയതിന്റെ ലക്ഷണമാണിത്. ഈ മിഥ്യാധാരണ വച്ചുപുലര്‍ത്തുന്ന കേരളത്തിലും പൊളിച്ചെഴുത്തുണ്ടാകും. കോണ്‍ഗ്രസും ഇടതുപക്ഷവും വ്യത്യസ്തരല്ലെന്നു ത്രിപുര തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. ഇതെല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന കേരളീയരും ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും കൈമുതലായുണ്ട്-മോദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം