ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടും. ബിജെപി അവിടെ സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കും. കോൺഗ്രസും ഇടതും ഒരുപോലെയാണെന്ന് ത്രിപുര തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് യഥാർത്ഥ ബദൽ ബിജെപി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘വർഷങ്ങളായി ബിജെപിയുടെ പേരിൽ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്ത്തുന്നുണ്ട്. ഗോവയ്ക്ക് ശേഷം ക്രിസ്ത്യൻ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഈ മിഥ്യ തകർന്ന് തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷത്തെ തുറന്ന് കാട്ടപ്പെടുകയാണ്. നമുക്കെതിരെയുള്ള മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുമെന്ന് ഞങ്ങൾ ഇപ്പോൾ ആത്മവിശ്വാസത്തിലാണ്’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഫലം കോൺഗ്രസിന്റെ ചിന്താഗതിയെ തുറന്ന് കാട്ടുന്നതാണ്. അത് ചെറിയ സംസ്ഥാനങ്ങളല്ലേയെന്നും അതിന് പ്രാധാന്യം നൽകേണ്ടതില്ലെന്നുമാണ് അവരുടെ വാദം. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധിയേയും അവിടുത്തെ ജനങ്ങളേയും അപമാനിക്കലാണ്. ബിജെപിയുടെ വിജയ രഹസ്യം ത്രിവേണിയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

പല രാഷ്ട്രീയ നിരീക്ഷകരും ബിജെപിയുടെ വിജയത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ ചില അഭ്യുദയകാംക്ഷികൾക്കും അതിന്റെ കാരണം അറിയണം. ‘ത്രിവേണി’യാണ് അതിന്റെ കാരണം. ത്രിവേണിയെന്നാൽ മൂന്ന് ധാരകളുടെ സംയോജനമാണ്. അതിൽ ഒന്നാമത്തേത് ബിജെപി സർക്കാരുകളുടെ പ്രവർത്തനം. രണ്ടാമത്തേത് ബിജെപിയുടെ പ്രവർത്തന ശൈലിയാണ്. മൂന്നാമത്തേത് ബിജെപിയുടെ പ്രവർത്തകരാണ്’ മോദി കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം