തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുകയായിരുന്നു.
ഇതോടെ കൂടുതൽപേരെ പദ്ധതിയിൽ ഉൾപ്പെടുത്താനാകും. ഫണ്ട് രൂപവത്കരിച്ചാലുടൻ പെൻഷൻ വർദ്ധനയുടെ കാര്യത്തിലും കുടിശ്ശികയുടെ കാര്യത്തിലും പരിഹാരമുണ്ടാകും. മാദ്ധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക അടുത്ത ബജറ്റ് വിഹിതത്തിലൂടെ നൽകാൻ നടപടി സ്വീകരിക്കും.
മാധ്യമ പ്രവർത്തകർക്കായി ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കിവരുകയാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കാലാനുസൃത പരിഷ്കരണം വരുത്തും.വിവിധ വകുപ്പുകളുടെ ബോധവത്കരണ-പ്രചാരണ പരിപാടികൾ കോർത്തിണക്കാനും കാര്യക്ഷമമാക്കാനും വകുപ്പിലെ ഐ.ഇ.സി വിഭാഗം വഴി പ്രത്യേക പദ്ധതി തയാറാക്കുമെന്നും ധനാഭ്യർഥന ചർച്ചക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.