സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇടമലക്കുടിക്ക് മാത്രമായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു. ഇടമലക്കുടിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. ഇതിനായി എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗങ്ങള്‍ മാസത്തിലൊരിക്കല്‍ ചേരുന്നതിനും തീരുമാനമായി. അംഗനവാടികളുടെ അടിസ്ഥാന സൗകര്യം, റോഡ് വികസനം, പോക്സോ നിയമം സംബന്ധിച്ച ബോധവല്‍ക്കരണം, പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ , കുടിവെള്ള ലഭ്യത തുടങ്ങിയവയും ചര്‍ച്ചയായി.
ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനാണ് കമ്മീഷന്‍ ഇടമലക്കുടി പഞ്ചായത്ത് സന്ദര്‍ശിച്ചത്. രക്ഷാകര്‍ത്താക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും കമ്മീഷന്‍ അഭിപ്രായം തേടി. 2016ലും 2019ലും കമ്മീഷന്‍ ഇടമലക്കുടി സന്ദര്‍ശിച്ചിരുന്നു. ഈ മേഖലയെ പ്രത്യേകമായി പരിഗണിച്ചാണ് മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത് .
മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ സി.വിജയകുമാര്‍, ശ്യാമളാദേവി പി.പി, ബബിത.ബി, സുനന്ദ.എന്‍ തുടങ്ങിയവരും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വനം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പട്ടിക വര്‍ഗ്ഗ വികസനം, എക്സൈസ്, പോലീസ് വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.