23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിൽ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മീഷണർ വിചാരണ ചെയ്തതോടെ  23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി.

ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്നാണ് ഫയൽ കാണാതായത്. മലപ്പുറത്തായിരുന്നു വിചാരണ. 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവ്വീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെയാണ് ഫയൽ എത്തിയത്.

തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫീസിൽ നിന്ന്’ സർവ്വീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു.

ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവ്വീസിലിരിക്കെ മരിച്ചത് 2017 ലാണ്.

ജയരാജന്റെ സർവ്വീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടൻറ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിനു ശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കഴിഞ്ഞ അഞ്ചു വർഷമായി ബന്ധുക്കൾ നിലമ്പൂരിൽ നിന്ന് പൈനാവിലെത്തി പരാതി പറയുകയായിരുന്നു. അവസാനം വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ ബഞ്ചിൽ പരാതി എത്തുകയായിരുന്നു. കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ടും ഡി എം ഒ ഓഫീസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്.

2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫീസിൽ നിന്ന് സർവ്വീസ്ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡി എം ഒ കൈപ്പറ്റിയിരുന്നതായും തെളിവെടുപ്പിൽ വിവരാവകാശ കമ്മീഷണർ കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാൻ കമ്മിഷണർ നിർദേശിച്ചു.

ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവ്വീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയക്കാനും കമ്മീഷണർ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നല്കാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നല്‌കേണ്ടതില്ലെന്നും കമ്മിഷണർ ഉത്തരവിൽ വ്യക്തമാക്കി.

ഇടുക്കി ഡി എം ഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ആർടി ഐ നിയമം 20 (1),20(2) എന്നിവ പ്രകാരം നടപടിയെടുക്കാനും കമ്മിഷണർ ഉത്തരവായി.

       

Share
അഭിപ്രായം എഴുതാം