റേഷൻ വിതരണം സുഗമമാക്കുന്നതിന് കർശന നടപടിയു മായി ജില്ലാ ഭരണകൂടം

ജില്ലയിലെ റേഷൻ സാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും അവിടുത്തെ കയറ്റിറക്ക് തൊഴിലാളികളോടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ സിവിൽ സപ്ലൈസ് വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കരാറുകാർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

അങ്കമാലി എഫ് സി ഐയിൽ നിന്ന് റേഷൻ സാധനങ്ങളുടെ ലോഡ് കയറ്റുന്ന തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് വകുപ്പിന്റെ ട്രാൻസ്പോർട്ട് കരാറുകാർ അട്ടിക്കൂലി നൽകണമെന്നാവശ്യപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. നേരത്തേ തൊഴിലാളികൾക്ക് ലോഡ് കയറ്റിറക്കലിന് അട്ടിക്കൂലി നൽകിയിരുന്നു. എന്നാൽ അട്ടിക്കൂലി ആവശ്യപ്പെടുന്നത് തടഞ്ഞു കൊണ്ട് 2022 ഫെബ്രുവരി 22 ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജരും സിവിൽ സപ്ലൈസ് കമ്മീഷണറും തൊഴിലാളികൾ അട്ടിക്കൂലി ആവശ്യപ്പെടാൻ പാടില്ലെന്ന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഈ സാഹചര്യത്തിൽ അട്ടിക്കൂലി അനുവദിക്കാൻ കഴിയില്ലെന്നും റേഷൻ സാധനങ്ങൾ സിവിൽ സപ്ലൈസിനു കൈമാറുന്നതിനുള്ള നടപടി ഫുഡ് കോർപ്പറേഷൻ സ്വീകരിക്കണമെന്ന് എ ഡി എം നിർദേശിച്ചു. 

റേഷൻ വിതരണം സുഗമമാക്കുന്നതിന് നാലു ദിവസത്തിനകം 211 ലോഡ് കൂടി സിവിൽ സപ്ലൈസിനു ലഭിക്കണം. അല്ലാത്ത പക്ഷം അടുത്ത മാസം റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ ഇല്ലാത്ത സ്ഥിതി വരും. ഇത് അനുവദിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ നാലു ദിവസത്തിനകം സിവിൽ സപ്ലൈസിന് ലോഡ് എത്തിക്കുന്നതിനുള്ള നടപടി എഫ് സി ഐ സ്വീകരിക്കണം. ഇതിന് തടസം നിൽക്കുന്ന തൊഴിലാളികൾ ക്കെതിരേ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച (27) വൈകിട്ട് അഞ്ചിന് മുൻപ് സമർപ്പിക്കാനും എ.ഡി.എം. നിർദേശിച്ചു. തൊഴിലാളികളുമായും കരാറുമായും സംബന്ധിച്ച പ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കണം. ലോഡ് കൈമാറുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് എഫ്. സി.ഐ ഒഴിഞ്ഞു മാറരുതെന്നും എ.ഡി.എം. നിർദേശിച്ചു.

റേഷൻ വിതരണത്തിന് ആവശ്യമായ ലോഡ് എത്തുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് എ.ഡി.എം. അടിയന്തര യോഗം വിളിച്ചത്.

Share
അഭിപ്രായം എഴുതാം