ആര്‍.എസ്.എസുമായുളള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം: എം.വി. ഗോവിന്ദന്‍

കാസര്‍ഗോഡ്: സി.പി.എം. ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണത്തിനെതിരേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസുമായുള്ള ചര്‍ച്ചയുടെ നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്‌ലാമി പറയണം. ഇസ്‌ലാമോഫോബിയ എന്ന പദം ഉപയോഗിച്ച് വര്‍ഗീയത മറയ്ക്കാനാണു ശ്രമം. സി.പി.എമ്മിനെ കുറ്റപ്പെടുത്താനുള്ള ധാരണയാണു രൂപപ്പെടുന്നത്. വെല്‍ഫെയര്‍-കോണ്‍ഗ്രസ്-ലീഗ് ത്രയമാണു ചര്‍ച്ചയ്ക്കു പിന്നിലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജനകീയ പ്രതിരോധജാഥ മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷാകവചം ഒരുക്കാനല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരേ സംസ്ഥാന സര്‍ക്കാരിനു രക്ഷാകവചം തീര്‍ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ വലിയ തോതില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് മുതിരുന്നില്ല. കോണ്‍ഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വനയം മൂലമാണത്. കോര്‍പ്പറേറ്റുകളോടുള്ള സമീപനത്തിലും സാമ്പത്തികനയങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വ്യത്യാസമില്ല.
രാഷ്ട്രീയ പകപോക്കലിനു കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ദേശീയ നയത്തോടൊപ്പമാണോ കേരളത്തിലെ കോണ്‍ഗ്രസുകാര്‍. സോണിയഗാന്ധി ഈ അഭിപ്രായം തുറന്നുപറഞ്ഞു. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്ന ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തുന്നു. ഇതു പക പോക്കലാണെന്നു കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പറയുന്നു. അതു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കുന്നില്ല. കെ.പി.സി.സിക്ക് ബി.ജെ.പിയെയാണ് പഥ്യം.
ജനദ്രോഹനയങ്ങളുടെ കാര്യത്തില്‍ പിണറായിയും മോദിയും തമ്മില്‍ വ്യത്യാസമില്ലെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥലജലവിഭ്രാന്തിക്ക് ഉദാഹരണമാണ്. മോദിയുടെയും കോണ്‍ഗ്രസിന്റെയും കോര്‍പ്പറേറ്റ് അനുകൂല നവഉദാരനയത്തിന്, ജനപക്ഷ ബദല്‍ ഉയര്‍ത്തുകയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍, പൊതുമേഖലാസംരക്ഷണം എന്നിവയെല്ലാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്രകളാണ്. ഇതിനു കടകവിരുദ്ധമായ സമീപനമാണു മോദി സര്‍ക്കാരിന്റേത്. ഈ വ്യത്യാസം കാണാന്‍ കെ.സി. വേണുഗോപാലിനു കഴിയാത്തത് ബി.ജെ.പിയെ തുറന്നെതിര്‍ക്കാനുള്ള വൈമുഖ്യം മൂലമാണ്.

ഹിന്ദു വര്‍ഗീയവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തുന്ന കടന്നാക്രമണങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയാണ്. അതിനെതിരേ 80ഓളം സംഘടനകള്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ വലിയ പ്രതിഷേധം തീര്‍ത്തു. അവര്‍ പറഞ്ഞത് 21 സംസ്ഥാനങ്ങളില്‍ അവര്‍ വേട്ടയാടപെടുന്നു എന്നാണ്. ആ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ല എന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ മേന്‍മ. വാഹനത്തിലല്ല, നടന്നാണ് ജാഥ നടത്തേണ്ടതെന്ന കോണ്‍ഗ്രസ് വിമര്‍ശനം കാര്യമില്ല. സി.പി.എം. പ്രവര്‍ത്തകര്‍ ജനുവരിയില്‍ വലിയ രീതിയില്‍ ഗൃഹസന്ദര്‍ശന പരിപാടികളിലൂടെ ഓരോ വീട്ടിലും എത്തി കാര്യങ്ങള്‍ വിശദമാക്കിയിരുന്നു. അതിനുശേഷമാണ് ജനകീയ ജാഥ നടത്തുന്നത്. വലിയ ജനപങ്കാളിത്തമാണ് ജാഥയിലുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജാഥാംഗങ്ങളായ സി.എസ്. സുജാത, എം.സ്വരാജ്, കെ.ടി. ജലീല്‍, ജെയ്ക് സി. തോമസ്, മാനേജര്‍ പി.കെ. ബിജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.ജാഥയുടെ രണ്ടാം ദിവസം രാവിലെ ക്ഷണിക്കപ്പെട്ടവരുമായി എം.വി. ഗോവിന്ദന്‍ ചര്‍ച്ച നടത്തി. കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ പ്രൊഫഷണലുകള്‍, വ്യവസായികള്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങി അമ്പതോളം പേര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം