കൊച്ചി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും. കപ്പല്‍ശാലയും ദക്ഷിണ നാവികാസ്ഥാനവും പട്ടികയില്‍പ്പെടുത്തി. ഡ്രോണ്‍ അടക്കമുള്ളവ പറത്താനും ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോ എടുക്കാനും ഇവിടെ നിയന്ത്രണമുണ്ടാകും. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും മറ്റും ഉള്‍പ്പെടുന്ന മേഖലയാണ് അതീവ സുരക്ഷാ ഗണത്തില്‍പ്പെടുന്നത്. ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ഉള്‍പ്പെടുന്ന 10 സുരക്ഷാമേഖലകളുടെ പട്ടിക ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇവിടങ്ങളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. കൊച്ചിന് ഷിപ്യാര്ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്, റോ റോ ജെട്ടി, നേവല്‍ ജെട്ടി, പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, നേവല്‍ ബേസ്, കേന്ദ്രീയ വിദ്യാലയം, കുണ്ടന്നൂര്‍ ഹൈവേ, വാക്വേ, കൊങ്കണ്‍ സ്റ്റോറേജ് പ്ലാന്റ്, നേവില്‍ എയര്‍പോര്‍ട്ട് എന്നിവ കൊച്ചിയിലെ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടും.
കൊച്ചി കപ്പല്‍ശാലയും നാവികാസ്ഥാനവും അതീവ സുരക്ഷാമേഖല
