ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ്

മുംബൈ: ബി.ജെ.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.
താന്‍ ഹിന്ദുവാണ് ഹിന്ദുത്വവാദിയാണ്. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ബി.ജെ.പിയുടെ ഹിന്ദുത്വ നിര്‍വചനത്തില്‍ ഒതുങ്ങില്ല. 1993 ലെ സ്‌ഫോടന പരമ്പരയ്ക്കിടെ മുംബൈയെ രക്ഷിക്കാന്‍ ശിവസൈനികര്‍ അധ്വാനം ചെയ്യുമ്പോള്‍, ഇപ്പോള്‍ 56 ഇഞ്ച് നെഞ്ചളവിന്റെ പൊങ്ങച്ചം പറയുന്നവര്‍ എവിടായിരുന്നുവെന്നു പ്രധാനമന്ത്രി മോദിയെ പേരെടുത്തു പരാമര്‍ശിക്കാതെ ഉദ്ധവ് ചോദിച്ചു. ഹിന്ദി ചിത്രം മിസ്റ്റര്‍ ഇന്ത്യയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ”മൊഗാംബോ ഖുശ് ഹുവാ” ഡയലോഗ് ഉപയോഗിച്ചായിരുന്നു അമിത്ഷായ്‌ക്കെതിരായ ഉദ്ധവിന്റെ ആക്രമണം.

”കഴിഞ്ഞ ദിവസം പുനെയില്‍ ഒരാള്‍ (അമിത്ഷാ) വന്നിരുന്നു. മഹാരാഷ്ട്രയില്‍ കാര്യങ്ങളൊക്കെ എങ്ങനെ എന്നദ്ദേഹം തിരക്കി. അപ്പോള്‍ ആരോ പറഞ്ഞു, ഇന്ന് എന്തുകൊണ്ടും നല്ല ദിവസമാണ്. ശിവസേനയുടെ അമ്പും വില്ലും ചിഹ്‌നം നമ്മുക്കൊപ്പം നില്‍ക്കുന്ന അടിമകള്‍ക്ക് കിട്ടി. അപ്പോള്‍ അദ്ദേഹം (അമിത്ഷാ) പറഞ്ഞു വളരെ നല്ലത്. മൊഗാംബോ ഖുശ് ഹുവാ”- അന്ധേരിയില്‍ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ്. ”കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം അധികാരം പങ്കിടാനായി ഞാന്‍ അവരുടെ കാല്‍ നക്കി എന്നാണ് മൊഗാംബോയും കൂട്ടരും പാടി നടക്കുന്നത്. ജമ്മുകശ്മീരില്‍ പി.ഡി.പിയുമായി അധികാരം പങ്കിട്ട ഇക്കൂട്ടര്‍ അന്ന് എന്തൊക്കെ നക്കിയിരിക്കുമെന്ന് ഞാന്‍ പറയുന്നില്ല” -ഉദ്ധവ് താക്കറെ പഞ്ഞു.

”തെരഞ്ഞെടുപ്പു കമ്മിഷനെ ഉപയോഗിച്ച് ശിവസേനയുടെ അമ്പും വില്ലും അവര്‍ പിടിച്ചെടുത്തു. എന്നാല്‍, ജനങ്ങള്‍ക്ക് അറിയാം ആര് ആരൊക്കെയാണെന്ന്. അമ്പും വില്ലും തട്ടിയെടുത്താലും എന്നില്‍നിന്ന് രാമനെ തട്ടിയെടുക്കാന്‍ നിങ്ങള്‍ക്കാവില്ല”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം