ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഡി.എം.കെ. കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന്‍ മരിച്ചു. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന എം. പ്രഭു(28)വാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡി.എം.കെ. കൗണ്‍സിലര്‍ ചിന്നസ്വാമി ഉള്‍പ്പെടെ ഒന്‍പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം എട്ടിനായിരുന്നു സംഭവം. പൊതുകിണറിനു സമീപം വസ്ത്രം അലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൗണ്‍സിലര്‍ ചിന്നസ്വാമിയും പ്രഭുവും തമ്മിലാണു തര്‍ക്കം തുടങ്ങിയത്.
പിന്നാലെ കൗണ്‍സിലറെ പിന്തുണയ്ക്കുന്നവരും രംഗത്തെത്തി. ഇവര്‍ ചേര്‍ന്നു പ്രഭുവിനെയും സഹോദരന്‍ പ്രഭാകരനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രഭു മരിക്കുകയായിരുന്നു. പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്നു പ്രഭുവിന്റെ പിതാവ് മദെയ്യ ആവശ്യപ്പെട്ടു. പ്രഭുവിന്റെ ഭാര്യ പുനിതയെയും രണ്ട് മക്കളെയും ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.