കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും

കുടിവെള്ള ക്ഷാമം രൂക്ഷമായ കൊച്ചി കോർപ്പറേഷന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയിൽ നിന്ന്  ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.

കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന മരട് ജലശുദ്ധീകരണ ശാലയിലെ പമ്പുകൾ തകരാറിലായതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിട്ടത്. അഞ്ച് ദിവസത്തിനകം മരട് ജല ശുദ്ധീകരണശാലയിലെ മൂന്ന് പമ്പുസെറ്റുകളും പ്രവർത്തന സജ്ജമാകുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

പാഴൂർ പമ്പ് ഹൗസിൽ നിന്നാണ് മരട് ജലശുദ്ധീകരണ ശാലയിലേക്ക് ജലമെത്തുന്നത്. 100 എം.എൽ.ഡി സംഭരണശേഷിയുള്ള ശാലയിൽ 96 എം എൽ ഡി വെള്ളമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ 804 എച്ച് പി ശേഷിയുള്ള മൂന്ന് പമ്പ് സെറ്റുകളിൽ രണ്ടെണ്ണം തകരാറിലായതോടെയാണ് ജല വിതരണത്തിന്റെ അളവ് കുറഞ്ഞത്. തുടർന്ന് ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിലാക്കി. ഇതോടെ പശ്ചിമ കൊച്ചി, തെക്കേ ചെല്ലാനം, വടുതല തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായത്.

Share
അഭിപ്രായം എഴുതാം