കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവിതരണം വരുമാനലക്ഷ്യം (ടാര്‍ഗറ്റ്) നേടുന്നതിന്റെ അടിസ്ഥാനത്തിലാക്കാന്‍ നീക്കം. ഉദ്യോഗസ്ഥരുടെ യോഗത്തിലാണു മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഈ നിര്‍ദേശം വച്ചത്. 100% വരുമാനലക്ഷ്യം നേടുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് അഞ്ചാംതീയതിതന്നെ മുഴുവന്‍ ശമ്പളവും കൊടുക്കും. 90 ശതമാനമെങ്കില്‍ ശമ്പളത്തിന്റെ 90%, 50 ശതമാനമെങ്കില്‍ പകുതി ശമ്പളം എന്നിങ്ങനെയാണു നിര്‍ദേശം. 100 ശതമാനത്തിനുമേല്‍ ടാര്‍ഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിലെ ജീവനക്കാര്‍ക്കു കുടിശികയടക്കം ശമ്പളം നല്‍കാനാണ് ആലോചന. ബസുകളുടെയും ജീവനക്കാരുടെയും എണ്ണം കണക്കിലെടുത്ത് ടാര്‍ഗറ്റ് നിശ്ചയിക്കാനാണു തീരുമാനം. പ്രതിമാസവരുമാനം 240 കോടി രൂപയാക്കുകയാണു ലക്ഷ്യം.

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ടാര്‍ഗറ്റ് നിര്‍ദേശം ഏപ്രില്‍ മുതല്‍ നിലവില്‍വരും. ഡിപ്പോ തലത്തില്‍ ടാര്‍ഗറ്റ് നിശ്ചയിക്കുന്നതിനെക്കുറിച്ചു തിരുവനന്തപുരത്തു നടന്ന ശില്‍പ്പശാലയില്‍ മന്ത്രി ആന്റണി രാജു സൂചിപ്പിച്ചിരുന്നു. എം.ഡിയുടെ നിര്‍ദേശത്തിനെതിരേ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി.

Share
അഭിപ്രായം എഴുതാം