സൗദി : സൗദി അറേബ്യയിൽ വിവിധ പ്രശ്‌നങ്ങളിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ആറ് സ്ത്രീകൾ നാടണയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് പേരാണ് സുമനസ്സുകളുടെ സഹായത്തോടെ നാടുകളിലേക്ക് മടങ്ങിയത്. ഇവരെ തിരികെ നാട്ടിലേക്ക് മടക്കിയയ്ക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ദമ്മാമിലെ സാമൂഹ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ.
വീട്ടുജോലിക്കെത്തി, വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ കഴിയാതിരുന്നവരാണ് മാസങ്ങൾക്ക് ശേഷം എംബസിയുടെയും സൗദി അധികൃതരുടെയും സഹായത്തോടെ അവരുടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. രേഖകളെല്ലാം പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന താവളത്തിലെത്തിയവർ അവരുടെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു.
ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഗൾഫ് നാടുകളിൽ വീട്ടുജോലികൾക്കായി എത്തിയ സ്ത്രീകളാണ് വിവിധ പ്രശ്‌നങ്ങളിൽപ്പെട്ട് തിരികെ പോകാനാകാതെ മാസങ്ങളോളം സൗദിയിൽ കുടുങ്ങിയത്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതിൽ സഹായം ചെയ്തുനൽകിയ ഇന്ത്യൻ എംബസിക്കും മറ്റ് അധികൃതർക്കും മഞ്ജു മണിക്കുട്ടൻ നന്ദി പറഞ്ഞു. ഒപ്പം നാടണയാൻ തങ്ങൾക്ക് എല്ലാ സഹായവും നൽകിയ മഞ്ജുവിന് നന്ദി പറയാൻ തിരികെ പോകുന്നവരും മറന്നില്ല.