കേരള മുഖ്യമന്ത്രിയുടെ രാജകീയ എഴുന്നള്ളത്ത് : ജനം വലയുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്


മലപ്പുറം: ഇത് രാജഭരണമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കാൻ മാത്രം വിവരമുള്ള ഒരുത്തനും നിങ്ങളുടെ കൂട്ടത്തിലില്ലേ എന്ന് ചോദിച്ച് പോവുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്. മുഖ്യമന്ത്രിക്കുള്ള ഇരട്ടി സുരക്ഷയിൽ ജനം വലയുകയാണ്. പണ്ടൊക്കെ ഒച്ചയും വിളിയും കൂട്ടി ആളുകളെ അകറ്റിയിട്ടാണത്രേ രാജാവും നാടുവാഴിയും എഴുന്നള്ളിയിരുന്നത്. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്ന കേരള മുഖ്യമന്ത്രിയുടെ രാജകീയ എഴുന്നള്ളത്ത് കാരണം ഇപ്പോൾ കേരളത്തിലെ ജനം ഇതേ അവസ്ഥയിലാണെന്നും മജീദ് പറഞ്ഞു.

ചട്ടപ്രകാരമുള്ള സുരക്ഷ ഇരട്ടിപ്പിച്ച് പതിനാറോളം വാഹനങ്ങളും എൺപതോളം പൊലീസുകാരുമായിട്ടാണ് ചായ കുടിക്കാൻ പോലും മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രി വരുന്നുണ്ട് എന്ന് അറിയിപ്പ് കിട്ടിയാൽ ഉടൻ സാധാരണ ജനത്തെ പൊലീസ് വഴിയിൽ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നു. റൂട്ട് ക്ലിയറൻസ് ആണത്രേ. അതായത് രാജാവ് എഴുന്നള്ളുമ്പോൾ ആരെയും വഴിയിൽ കാണരുത്.

104 ഡിഗ്രിയിൽ പനിച്ച് വിറയ്ക്കുന്ന കുട്ടിക്ക് അടിയന്തരമായി മരുന്ന് വാങ്ങാൻ പോലും പാവപ്പെട്ടവരെ അനുവദിക്കാതെയാണ് പൊലീസിന്റെ രാജഭക്തിയെന്നും കെ പി എ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. കമ്യൂണിസ്റ്റുകാരനെന്ന് അവകാശപ്പെടുന്നത് പോലെ ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് അവകാശപ്പെട്ട പിണറായിയാണ് ഇപ്പോൾ ജനത്തെ പേടിച്ച് എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നത്. ഏതുവരെ ഓടുമെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പറഞ്ഞിരുന്നു. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ഷാഫി പറമ്പിൽ പറഞ്ഞു. നികുതി, പൊലീസ് രാജ് തുടങ്ങിയവയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ്.

Share
അഭിപ്രായം എഴുതാം