മോര്‍ഗന്‍ വിരമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ജേതാക്കളായ നായകന്‍ ഒയിന്‍ മോര്‍ഗന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു. 36 വയസുകാരനായ മോര്‍ഗന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളിലായി 16 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമായത്. ആഭ്യന്തര ട്വന്റി20 ലീഗുകളില്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്പിരിറ്റിന്റെ നായകനായി ഹണ്ട്രഡില്‍ കളിച്ചു. സൗത്താഫ്രിക്ക20 യില്‍ പാള്‍ റോയല്‍സിനു വേണ്ടിയും കളിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, പെഷാവര്‍ സല്‍മി, എന്നിവയ്ക്കു വേണ്ടിയും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്‌സിനു വേണ്ടിയും കളിച്ചു.

സൗത്താഫ്രിക്ക20 യില്‍ ഷ്വാനെ സ്പാര്‍ട്ടന്‍സ്, പാള്‍ റോയല്‍സ് ടീമുകളില്‍ കളിച്ചു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന്റെ താരവുമായി. 2015 ലെ ഏകദിന ലോകകപ്പിനു തൊട്ടു മുമ്പാണ് ഇംഗ്ലണ്ട് ടീമിന്റെ നായകനായത്. തൊട്ടടുത്ത ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ജേതാക്കളുമാക്കി. 16 ടെസ്റ്റുകളിലായി 30.43 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമടക്കം 700 റണ്ണെടുത്തു. 248 ഏകദിനങ്ങളിലായി 39.29 ശരാശരിയില്‍ 14 സെഞ്ചുറികളും 47 അര്‍ധ സെഞ്ചുറികളും അടക്കം 7701 റണ്ണെടുത്തു. ട്വന്റി20 യില്‍ 115 മത്സരങ്ങള്‍ കളിച്ചു. 28.58 ശരാശരിയില്‍ 14 അര്‍ധ സെഞ്ചുറികളടക്കം 2458 റണ്ണെടുത്തു. ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (17) എന്ന റെക്കോഡിന് ഉടമയുമായിരുന്നു.

Share
അഭിപ്രായം എഴുതാം