മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ കരുത്തനായ പാരീസ് സെയിന്റ് ജെര്‍മെയ്‌ന് തോല്‍വി. മൊണാക്കോയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണു പി.എസ്.ജി. തോറ്റത്. സ്വന്തം തട്ടകമായ ലൂയിസ് 12 സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊണാക്കോയ്ക്കു വേണ്ടി ഫ്രഞ്ച് താരം വിസാം ബെന്‍ യെദാര്‍ ഇരട്ട ഗോളടിച്ചു. റഷ്യന്‍ താരം അലക്‌സാണ്ടര്‍ ഗോലോവിനും ഒരു ഗോളടിച്ചു. വാറന്‍ സയര്‍ എംറിയാണു പി.എസ്.ജിക്കു വേണ്ടി ഗോളടിച്ചത്. ക്രിസ്റ്റഫര്‍ ഗാല്‍റ്റിയറുടെ ടീം തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണു തോല്‍ക്കുന്നത്. പരുക്കിന്റെ പിടിയിലായ സൂപ്പര്‍ താരം ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ എന്നിവരെ കൂടാതെയാണു ഗാല്‍റ്റിയര്‍ ടീമിനെ ഇറക്കിയത്. മാര്‍കോ വെറാറ്റി, ഫാബിയന്‍ റൂസ്, എന്‍കെ മുകിയേല, റെനാന്റോ സാന്റോസ് എന്നിവരും പരുക്കു കാരണം പുറത്തിരുന്നു. സൂപ്പര്‍ താരം നെയ്മറിന് മൊണാക്കോയ്‌ക്കെതിരേ മികച്ച നീക്കങ്ങള്‍ പുറത്തെടുക്കാനുമായില്ല. മത്സരം ആരംഭിച്ച് 18 മിനിറ്റ് കഴിയും മുമ്പ് മൊണാക്കോ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി.

നാലാം മിനിറ്റില്‍ ഗോലോവിനും 18-ാം ബെന്‍ യെദറും മൊണാക്കോയ്ക്ക് വേണ്ടി ഗോളടിച്ചു. 36-ാം മിനിറ്റില്‍ എംറി പി.എസ്.ജിക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ യെദര്‍ വീണ്ടും ഗോളടിച്ചതോടെ മൊണാക്കോ ജയം ഉറപ്പിച്ചു. തോറ്റെങ്കിലും പി.എസ്.ജി. പോയിന്റ് പട്ടികയില്‍ ഏറെ മുന്നിലാണ്. 23 കളികളില്‍നിന്ന് 54 പോയിന്റാണ് അവര്‍ നേടിയത്. ഇതുവരെ മൂന്ന് തോല്‍വികള്‍ വഴങ്ങി. അത്രയും കളികളില്‍നിന്നു 47 പോയിന്റ് നേടിയ മൊണാക്കോ മൂന്നാം സ്ഥാനത്തായി. 23 കളികളില്‍നിന്നു 49 പോയിന്റുള്ള ഒളിമ്പിക് ലിയോണാണു രണ്ടാമത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലും ചെല്‍സിയും സമനില കൊണ്ടു തൃപ്തിപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആഴ്‌സണല്‍ പോയിന്റ് നഷ്ടപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ എവര്‍ട്ടണോട് തോറ്റ മൈക്കിള്‍ അര്‍ട്ടേറ്റയുടെ ടീം ഇന്നലെ ബ്രെന്റ്‌ഫോഡിനോട് 1-1 നാണു സമനില വഴങ്ങിയത്. 66ആം മിനിറ്റില്‍ ട്രൗസാഡിലൂടെ ആഴ്‌സണല്‍ ലീഡ് എടുത്തു. ബ്രെന്റ്‌ഫോഡ് തളര്‍ന്നില്ല. 74-ാം മിനിറ്റില്‍ ഐവന്‍ ടോണിയിലൂടെ അവര്‍ ഒപ്പമെത്തി. വെസ്റ്റ്ഹാം യുണൈറ്റഡ് ചെല്‍സിയെ 1-1 നാണു കുരുക്കിയത്. ലീഡ്‌സ് യുണൈറ്റഡിനെ 2-0 ത്തിനു തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി. എലാന്‍ഡ് റോഡില്‍ നടന്ന മത്സരത്തില്‍ മാര്‍കസ് റാഷ്‌ഫോഡ്, അലഹാന്‍ഡ്രോ ഗാര്‍നാചോ എന്നിവര്‍ യുണൈറ്റഡിനായി ഗോളടിച്ചു. 23 കളികളില്‍നിന്നു 46 പോയിന്റാണ് അവര്‍ നേടിയത്. 22 കളികളില്‍നിന്ന് 19 പോയിന്റ് നേടിയ ലീഡ്‌സ് യുണൈറ്റഡ് 17-ാം സ്ഥാനത്താണ്. ലീസ്റ്റര്‍ സിറ്റി 4-1 നു ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ തോല്‍പ്പിച്ചു. കിങ് പവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മെന്‍ഡി, മാഡിസണ്‍, ഇനാചോ, ബാണസ് എന്നിവര്‍ ലീഡ്‌സിനു വേണ്ടി ഗോളടിച്ചു. 14-ാം മിനിറ്റില്‍ ബെന്റാകൂറിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണു ടോട്ടനം തോല്‍വി വഴങ്ങിയത്.

Share
അഭിപ്രായം എഴുതാം