പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ചിറ്റൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍. അനിതയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോയ ആംബുലന്‍സുകള്‍ വഴിമാറിപ്പോയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ആരോപണം.
ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വേറെ ആശുപത്രിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ 108 ആംബുലന്‍സില്‍ അനിതയുടെ അമ്മയും ചെറിയമ്മയും കുഞ്ഞിനെയും കൊണ്ടുകയറി. അനിതയുടെ ഭര്‍ത്താവ് ഹരീഷ് ആംബുലന്‍സില്‍ കയറിയെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല.
നല്ലേപ്പിള്ളി-നാട്ടുകല്‍ വഴി 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്താം. എന്നാല്‍, എട്ടു കിലോമീറ്റര്‍ കൂടുതല്‍ കറങ്ങി അണിക്കോട്-കല്ലുകൂട്ടിയാല്‍ കുന്നാച്ചി പാറ-അത്തിക്കോട് വഴിക്കാണ് ആംബുലന്‍സ് പോയത്.

എന്തിനാ ഈ വഴിക്കു പോകുന്നതെന്ന് അനിതയുടെ ചെറിയമ്മ ആംബുലന്‍സ് ഡ്രൈവറോട് ചോദിച്ചെങ്കിലും എന്തായാലും വന്നു പോയില്ലെ ഇനി തിരിക്കാന്‍ നേരമില്ല എന്ന മറുപടിയാണത്രെ ലഭിച്ചത്. ശേഷം ആശുപത്രിയിലുണ്ടായിരുന്ന അനിതയുടെ ചെറിയച്ചനെ ഒരു പേപ്പര്‍ അത്യാവശ്യമായി ആശുപത്രിയിലെത്തിക്കണമെന്നു പറഞ്ഞ് കോഴപ്പാറയിലേക്കു പറഞ്ഞു വിട്ടുവെന്നും ബന്ധുക്കള്‍ പറയുന്നു. അല്‍പസമയത്തിനു ശേഷം ഒപ്പിടാനുണ്ടെന്ന കാരണം പറഞ്ഞ് ഹരീഷിനെയും കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലേക്കയച്ചു. പിന്നീട് ആശുപത്രിയില്‍ അനിതയ്‌ക്കൊപ്പം അച്ഛന്‍ കൃഷ്ണന്‍കുട്ടിയും മുത്തശ്ശിയും ഹരീഷിന്റെ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ കൃഷ്ണന്‍കുട്ടിയെ രക്തം കൊണ്ടുവരണമെന്നു പറഞ്ഞ് പാലക്കാട്ടേക്ക് അയച്ചു. അല്‍പസമയത്തിനു ശേഷം അനിതയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മറ്റൊരു 108 ആംബുലന്‍സ് എത്തിച്ച് ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടെ അനിതയെയും കൊണ്ട് പാലക്കാട്ടെത്തിയ ആംബുലന്‍സില്‍ കൃഷ്ണന്‍കുട്ടിയെയും കയറ്റി ഒറ്റപ്പാലം-ഷൊര്‍ണൂര്‍ വഴിക്കാണു തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. എന്തിനാണ് ഈ വഴിക്കു പോകുന്നതെന്നു ബന്ധുക്കളുടെ ചോദ്യത്തിനു അടുത്തടുത്തായി ആശുപത്രികള്‍ ഉണ്ടെന്ന മറുപടിയാണത്രെ ലഭിച്ചത്. അതിനിടയ്ക്കു തന്നെ അനിതയ്ക്കു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അനിതയ്‌ക്കൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ മുഴുവന്‍ ഭിന്നിപ്പിച്ചു വിടുകയും 2 ആംബുലന്‍സുകളും വഴിമാറി പോയതിനും പിന്നില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നതായും അന്വേഷണം വേണമെന്നും അനിതയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →