എയിംസിലെ സൈബര്‍ ആക്രമണം ബാധിച്ചത് 5 സെര്‍വറുകളെ

ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എ.ഐ.ഐ.എം.എസ്)ല്‍ നടന്ന സൈബര്‍ ആക്രമണം അഞ്ചു സെര്‍വറുകളെ ബാധിച്ചെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ പാളിച്ചയാണ് ഹാക്കിങ്ങിനു വഴിയൊരുക്കിയതെന്നാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിന്റെ വിലയിരുത്തലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരിഹാരമാര്‍ഗങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ബി.ജെ.പി. അംഗം സുശീല്‍ മോദിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 45 ലക്ഷത്തോളം സൈബര്‍ ആക്രമണക്കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് ദേശീയ സൈബര്‍ സുരക്ഷാ പദ്ധതിയുടെ കരട് തയാറാക്കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം