തിരുവനന്തപുരം: ശമ്പളം ആവശ്യപ്പെട്ട് സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 81 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നുമില്ല. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് പ്രേരക് അസോസിയേഷൻ ആരോപിച്ചു സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം സംസ്ഥാനത്തെ സാക്ഷരതാ പ്രേരക്മാർക്ക് ആറ് മാസമായി ശമ്പളം ലഭിക്കുന്നില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിരിക്കുന്ന സെക്രട്ടേറിയറ്റിന് മുന്നിൽ വെയിലും തണുപ്പുമെല്ലാം സഹിച്ച് ഇവർ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്ന് (10.02.2023) 82 ദിവസം കഴിയുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന പത്തനാപുരത്തുകാരൻ ബിജുമോൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി സ്വയം ഇല്ലാതാക്കിയാണ് അവസാനപ്രതിഷേധം രേഖപ്പെടുത്തിയത്. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ബിജുമോനേപ്പോലെ അവഗണന താങ്ങാനാവാതെ 8 പേർ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഇവരുടെ കണക്കുകൾ.
1714 പ്രേരക്മാരാണ് ആറ് മാസമായി ശമ്പളത്തിന് സർക്കാരിന്റെ കനിവ് തേടുന്നത്. സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം നിലനിർത്താൻ കാടും മലയും കയറി പണിയെടുക്കുന്ന ഇവരുടെ ശമ്പളം ആദ്യം വെട്ടിക്കുറച്ചു. പിന്നാലെ ഇവരെ മാതൃവകുപ്പായ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തദേശവകുപ്പിലേക്ക് മാറ്റി. ഇതോടെയാണ് ഒരു രൂപപോലും ശമ്പളം ലഭിക്കാതെയായത്. വിദ്യാഭ്യാസ, ധന, തദ്ദേശ വകുപ്പുകൾ തമ്മിൽ സേവനവേതന വ്യവസ്ഥകളിൽ അഭിപ്രായഭിന്നത തുടരുന്നതാണ് ഇവർക്ക് ജോലിക്ക് കൂലി നിഷേധിക്കുന്നത്.