ഐസ്വാള്‍/ കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കോഴിക്കോട് ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി. 2-1 നാണു ഗോകുലത്തെ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഐസ്വാള്‍ 2-1 നു രാജസ്ഥാന്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. 16 കളികളില്‍നിന്നു 34 പോയിന്റുള്ള പഞ്ചാബ് രണ്ടാംസ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാനുമായി പോയിന്റ് നിലയില്‍ ഒപ്പമെത്താനും അവര്‍ക്കായി. ഗോകുലം പത്ത് പോയിന്റ് പിന്നില്‍ മൂന്നാമതാണ്. 41-ാം മിനിറ്റില്‍ ഗോകുലം താരം പ്രവീണ്‍ കുമാര്‍ സെല്‍ഫ് ഗോളടിച്ചു. ആശിഷിന്റെ ക്രോസ് നെഞ്ചില്‍ സ്വീകരിച്ച മാസെനെ തടയാനുള്ള ശ്രമത്തിനിടെ പന്ത് പവന്‍ കുമാറിന്റെ കാലുകളില്‍ തട്ടി പോസ്റ്റിലേക്ക് കയറി. ഓഫ്സൈഡിനായി ഗോകുലം താരങ്ങള്‍ മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല. 70-ാം മിനിറ്റില്‍ പഞ്ചാബിന്റെ രണ്ടാം ഗോള്‍ എത്തി. കോര്‍ണറിനെ ഹെഡ് ചെയ്ത് ലങ്ദിമിനെ ഗോള്‍ കീപ്പര്‍ ഷിബിന്‍ സേവ് ചെയ്‌തെങ്കിലും ലൂകാസ് മാസെന്റെ കാലുകളിലേക്കായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം ഗോകുലത്തിന്റെ ഗോളെത്തി. സൗരവിന്റെ പാസില്‍ ഫര്‍ഷാദ് നൂര്‍ ആണ് ലക്ഷ്യം കണ്ടത്.
രാജസ്ഥാന്‍ യുണൈറ്റഡിനെതിരേ ഐസ്വാളിനു വേണ്ടല രാംദിന്‍താര, വേറാസ് എന്നിവര്‍ ഗോളടിച്ചു. മാമേതാലിയേവാണ് രാജസ്ഥാനു വേണ്ടി ഗോള്‍ മടക്കിയത്.


