ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി, യു.പി.എ. ഭരണകാലത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2004 മുതല്‍ 2014 വരെയുള്ള യു.പി.എ. ഭരണകാലം അഴിമതികളും അക്രമവും നിറഞ്ഞതായിരുന്നെന്നു മോദി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കിട്ടിയ അവസരങ്ങളെല്ലാം പ്രതിസന്ധികളാക്കി മാറ്റിയ ചരിത്രമാണു യു.പി.എയുടേതെന്നും തന്നെ പഴി പറഞ്ഞാണു കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും മോദി കുറ്റപ്പെടുത്തി. എന്നാല്‍, രാജ്യത്തെ 140 കോടി ജനങ്ങളാണു തന്റെ കവചം. നിരാശയിലാണ്ട പ്രതിപക്ഷത്തിനു രാജ്യം കൈവരിക്കുന്ന പുരോഗതി കാണാനാകുന്നില്ല. 2004-14 കാലഘട്ടത്തില്‍ പണപ്പെരുപ്പം ഉയര്‍ന്നതോതിലായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ദശാബ്ദമായിരുന്നു അത്. യു.പി.എയുടെ 10 വര്‍ഷത്തെ ഭരണകാലത്ത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തീവ്രവാദത്തിന്റെ പിടിയിലമര്‍ന്നു. ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം അക്രമങ്ങളല്ലാതെ മറ്റൊന്നും കാണാനുണ്ടായിരുന്നില്ല. ആഗോളതലത്തില്‍ ഇന്ത്യ അക്കാലത്ത് ദുര്‍ബലമായി. നമ്മുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും ആരും തയാറായിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റാ(ഇ.ഡി)ണു പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത്. ജനങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തതാണ് ഇ.ഡി. ചെയ്തത്. – അദ്ദേഹം പറഞ്ഞു.