പാലിയേക്കര പ്ലാസ പിഴ 682.71 കോടി; എന്നാലും കമ്പനിക്കു തുടരാം

തൃശൂര്‍: അങ്കമാലി-ഇടപ്പള്ളി ദേശീയപാതാ നിര്‍മാണത്തിലെ കരാര്‍വ്യവസ്ഥ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിന് ടോള്‍കരാര്‍ കമ്പനിക്ക് ഇതുവരെ 682.71 കോടി രൂപ പിഴയിട്ടു. എന്നാല്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കിയില്ല.
ടോള്‍പിരിവ് ആരംഭിച്ച 2012 ഫെബ്രുവരി ഒമ്പതു മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ കരാര്‍കമ്പനി പിരിച്ചെടുത്തത് 1135.29 കോടി രുപ. പ്രതിദിനം ശരാശരി 32,000 വാഹനങ്ങള്‍ ടോള്‍പ്ലാസ വഴി കടന്നുപോകുന്നു. ഇതനുസരിച്ച് 3.94 കോടി രൂപ ലഭിക്കും. ഈ നിലയില്‍ കണക്കാക്കിയാല്‍ 2028 ജൂണില്‍ കരാര്‍ അവസാനിക്കുമ്പോഴേക്കും കമ്പനി വന്‍ നേട്ടമാണുണ്ടാക്കുക.

കരാര്‍വ്യവസ്ഥ പ്രകാരമുള്ള നിര്‍മാണപ്രവൃത്തികള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കാത്തതിനാണു പിഴയിട്ടത്. നിശ്ചിത കാലാവധിക്കുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥയുണ്ട്. ചാലക്കുടി അടിപ്പാത, പുതുക്കാട് മേല്‍പ്പാലം, സര്‍വീസ് റോഡുകള്‍, അനുബന്ധസൗകര്യങ്ങള്‍, ഒരുക്കം, സുരക്ഷാസംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവ ചെയ്തുതീര്‍ത്തിട്ടില്ല. യഥാസമയത്തുള്ള അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടായെന്നും ദേശീയപാതാ അതോറിറ്റി നല്‍കിയ വിവരാവകാശ രേഖപ്രകാരം വ്യക്തമാണ്.
അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള റോഡ് റീടാറിങ് പൂര്‍ത്തീകരിച്ചിട്ടില്ല. 180 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാര്‍കമ്പനിയെ ഒഴിവാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ വേണമെന്ന് ചട്ടപ്രകാരം (കണ്‍സഷന്‍ എഗ്രിമെന്റ് ചാപ്റ്റര്‍ 7- ഉപവകുപ്പ് 30, 31, 32) പറയുന്നുണ്ട്. എന്നാല്‍ ദേശീയപാതാ അതോറിറ്റി കമ്പനിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. കമ്പനിയെ പുറത്താക്കാത്തത് വിചിത്രവും ദുരുഹവുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി. വൈസ് പ്രസിഡന്റുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. തുടര്‍ച്ചയായി കരാര്‍ലംഘനങ്ങള്‍ നടത്തുന്ന ടോള്‍കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ടാജറ്റ് പരാതി നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം