ഡോ. വി.കെ. രാമചന്ദ്രൻ

*മാലിന്യ സംസ്കരണം – സാങ്കേതിക പരിഹാരങ്ങൾ നിർവഹണഘട്ടത്തിലെത്തിക്കണം: ഡോ. വി.കെ. രാമചന്ദ്രൻ*

സംസ്ഥാന സർക്കാരിന്റെ പ്രധാന പത്ത് അജണ്ടകളിലൊന്ന് മാലിന്യ നിർമാർജനമാണെന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ. സംസ്ഥാനം നേരിടുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കാതലായ ഈ മാറ്റമുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടക്കുന്ന ഗ്ളോബൽ എക്സ്പോയിൽ ഇന്നവേറ്റേഴ്സ് ആന്റ് യങ്ങ് എന്റർപ്രണേഴ്സ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ഭാവിയ്ക്കും സുസ്ഥിരമായ നിലനിൽപ്പിനും മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്. ആരോഗ്യം, ശുചിത്വം, സമ്പദ് വ്യവസ്ഥ, വരുമാനം, ടൂറിസം, മനോഹരമായ അന്തരീക്ഷത്തിൽ മാന്യമായ ജീവിതം ഇവയെല്ലാം മാലിന്യ സംസ്കരണത്തിലെ സുസ്ഥിര സമീപനവുമായി ബന്ധപെട്ടിരിക്കുന്നു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആഗോള തലത്തിൽ സാങ്കേതികമായ പരിഹാരങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇവയുടെ നിർവഹണപരമായ പരിഹാരങ്ങളാണ് ഇനി കേരളത്തിൽ ആവിഷ്കരിക്കേണ്ടത്. ജനസാന്ദ്രത, പരിമിത ഭൂപ്രദേശം, ഉയർന്ന ഉപഭോഗം എന്നിവയെല്ലാം കണക്കിലെടുത്തുള്ള സാങ്കേതിക പരിഹാരങ്ങൾ രാജ്യാന്തരതലത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഡോ. രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

മാലിന്യത്തിന്റെ സ്രോതസിൽ തന്നെയുള്ള വേർതിരിക്കൽ, സമാഹരണം, സംഭരണത്തിനായി പൊതുകേന്ദ്രം, സംസ്കരണം, അവശിഷ്ടങ്ങൾ പുനരുൽപ്പാദനം, ഇൻസിനറേഷൻ, നികത്തൽ എന്നിവയിലൂടെ ഇല്ലാതാക്കൽ എന്നിവയിലാണ് പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് പരിഹാരങ്ങൾ ഉണ്ടാകേണ്ടത് – ഡോ. രാമചന്ദ്രൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം