മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രധാന വെല്ലുവിളി കൃത്യമായ ധാരണയില്ലായ്മ: മുഖ്യമന്ത്രി

    ഖര-ദ്രവ്യ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖരമാലിന്യ സംസ്‌ക്കരണരംഗത്ത് നല്ല പുരോഗതിയുണ്ടായി. എന്നാല്‍ ദ്രവ മാലിന്യ സംസ്‌ക്കരണത്തില്‍ അതല്ല സ്ഥിതിയെന്നും  പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    ഉപഭോക്തൃസൗഹൃദ ഉറവിടമാലിന്യ സംസ്‌കരണ ഉപാധികള്‍, കമ്പോസ്റ്റിംഗ് വേഗത ത്വരിതപ്പെടുത്താനുള്ള ഇനോക്കുലം, പ്രത്യേകതരം മാലിന്യങ്ങളുടെ സംസ്‌കരണ ഉപാധികള്‍, മലിനജല/കക്കൂസ് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ എന്നിവയാണ് മാലിന്യസംസ്‌ക്കരണ രംഗത്ത് നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ സാങ്കേതികവിദ്യയുടെ ലഭ്യതയും മാര്‍ഗനിര്‍ദ്ദേശവും ലഭ്യമാക്കണം. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മൂന്നുദിവസത്തെ ഗ്ലോബല്‍ എക്സ്പോ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    ലോകമെങ്ങും മാലിന്യ സംസ്‌കര്കണം ഗൗരവമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ കേരളം കൂടുതല്‍ ഗൗരവം നല്‍കുകയാണ്. ചെറിയ സംസ്ഥാനമാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ്. മാത്രമല്ല, ഉപഭോഗത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലും. ഈ തിരിച്ചറിവോടെയാണ് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന ക്യാമ്പയിന് തുടക്കംകുറിച്ചത്. ക്യാമ്പയിന്‍ തുടങ്ങിയ ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സമഗ്രവും ശാസ്ത്രീയവുമായ മാലിന്യസംസ്‌ക്കരണം പ്രായോഗികമായി നടപ്പിലാക്കുന്നുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റമുണ്ടായി. വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നിലവില്‍ വന്നു. അഭിമാനകരമായ കാര്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

    വിവിധതലങ്ങളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. വാതില്‍പ്പടി മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മ സേന, അജൈവ മാലിന്യസംഭരണത്തിനും തരംതിരിക്കലിനുമായി എംസിഎഫുകള്‍, ആര്‍ആര്‍എഫുകള്‍ എന്നിവയും സജ്ജമാണ്. ക്ലീന്‍ കേരള കമ്പനി വഴി അജൈവ പാഴ്വസ്തുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നു. പുനഃചംക്രമണ സാധ്യമായ 700 മെട്രിക് ടണ്‍ പാഴ്വസ്തുക്കളും പുനഃചംക്രമണ സാധ്യമല്ലാത്ത ഏകദേശം 1200 മെട്രിക് ടണ്‍ പാഴ്വസ്തുക്കളുമാണ് ഓരോ മാസവും ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നത്. ഇതിനു പുറമേ 39 സ്വകാര്യ ഏജന്‍സികളും സ്‌ക്രാപ് ബിസിനസ് ഏജന്‍സികളും ഈ രംഗത്തുണ്ട്. പുനഃചംക്രമണ സാധ്യമായ പാഴ്വസ്തുക്കളുടെ വിലയായി പ്രതിമാസം 56 ലക്ഷം രൂപയാണ് ഹരിതകര്‍മ്മ സേനയ്ക്ക് ക്ലീന്‍ കേരള കമ്പനി നല്‍കുന്നത്. കഴിഞ്ഞ 20 മാസത്തിനുള്ളില്‍ ആറരക്കോടി രൂപയാണ് ഇത്തരത്തില്‍ ഹരിതകര്‍മ്മ സേനയ്ക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

    എന്നാല്‍ പുനഃചംക്രമണം സാധ്യമല്ലാത്ത പാഴ്വസ്തുക്കളുടെ സംസ്‌കരണ കാര്യത്തില്‍ ഇനിയും നമ്മള്‍ വേണ്ടത്ര മുന്നേറിയിട്ടില്ല. സാനിട്ടറി ലാന്റ്ഫില്‍, പുനഃചംക്രമണ സാധ്യമല്ലാത്തതും എന്നാല്‍ ഇന്ധനമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഴ്വസ്തുക്കള്‍ തുടങ്ങിയവയുടെ സംസ്‌കരണം, ഗാര്‍ഹിക സാനിട്ടറി, ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണം, കണ്‍സ്ട്രക്ഷന്‍ ആന്റ് ഡിമോളിഷന്‍ വേസ്റ്റ് സംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം എന്നീ രംഗങ്ങളിലാണ് പോരായ്മകള്‍ നിലനില്‍ക്കുന്നത്. ഇവ പരിഹരിക്കുന്നതിനായി ഗൗവരവമായ ഇടപെടലാണ് നമ്മള്‍ നടത്തുന്നത്. 

    കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി സാനിട്ടറി ലാന്റ് ഫില്ലിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിനായി 3,810 ഇടങ്ങളില്‍ കമ്മ്യൂണിറ്റി സംസ്‌കരണ സംവിധാനം ഒരുക്കി. എന്നാല്‍ ഇതിനുള്ള പൊതുസംവിധാനങ്ങള്‍ ഇനിയും നിര്‍മ്മിക്കേണ്ടതുണ്ട്. കോഴി അറവുമാലിന്യം സംസ്‌ക്കരിക്കുന്നതിന് 43 റെന്‍ഡറിംഗ് പ്ലാന്റുകള്‍ സംസ്ഥാനത്തുണ്ട്. നാലു പുതിയ സ്വകാര്യ റെന്‍ഡറിംഗ് പ്ലാന്റുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം