മനോഭാവത്തില്‍ മാറ്റം ഉണ്ടായാല്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാം: മന്ത്രി എം.ബി രാജേഷ്

    
 സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടായാല്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജി-ജിഇഎക്സ് കേരള 23-ന്റെ ഉദ്ഘാടനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

ഖരമാലിന്യ സംസ്‌ക്കരണത്തില്‍ നമ്മുക്ക് പുരോഗതിയുണ്ട്. എന്നാല്‍ ശുചിമുറി മാലിന്യം ഉള്‍പ്പെടെയുള്ളവയുടെ സംസ്‌ക്കരണത്തില്‍ ഏറെ മുന്നോട്ടു പോകാനുണ്ടെന്നും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്‌ക്കരണം ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതെ ഇവിടെ നടപ്പിലാക്കുവാന്‍ കഴിയും. വിഭവ പരിമിതിയും നമ്മുക്കില്ല. ഫണ്ടിന്റെ അഭാവവുമില്ല. ലോകബാങ്ക് സഹായത്തോടെയുള്ള നിരവധി പദ്ധതികളുമുണ്ട്. നിലവില്‍ ഒറ്റ തടസം മാത്രമാണുള്ളത്. സമൂഹത്തിന്റെ മനോഭാവം. ഇതില്‍ മാറ്റം ഉണ്ടായാല്‍ കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 

സാമൂഹ്യ പുരോഗതിയില്‍ വിദേശരാജ്യങ്ങളുടെ നേട്ടങ്ങള്‍ക്കൊപ്പം എത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും മാലിന്യ സംസ്‌ക്കരണത്തില്‍ നേട്ടം കൈവരിക്കാനായിട്ടില്ല. കേരളത്തില്‍ ആദ്യമായാണ് മാലിന്യ സംസ്‌ക്കരണ രംഗത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് അന്തര്‍ദേശീയ എക്‌സിബിഷനും കോണ്‍ക്ലേവും സംഘടിപ്പിക്കുന്നത്. സമ്പൂര്‍ണ മാലിന്യവിമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, വിജയ മാതൃകകള്‍, പുതിയ ആശയങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് കോണ്‍ക്ലേവും സംഘടിപ്പിച്ചിരിക്കുന്നത്. 1200 തദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെന്നും മാലിന്യസംസ്‌ക്കരണത്തില്‍ കക്ഷി രാഷ്ട്രീയമില്ലാതെ നാട് ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം