പാലക്കാട്: ധോണി മേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി.പിടി സെവൻ കൊമ്പനെ കൂട്ടിലാക്കിയിട്ടും ധോണിയിലെ കാട്ടാന ഭീതിയൊഴിയുന്നില്ല. മൂന്ന് കാട്ടാനകളാണ് 2023 ഫെബ്രുവരി 3 ന് രാത്രി എട്ട് മണിയോടെ ഫെൻസിങ് തകർത്ത് കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. സെന്റ് തോമസ് കോളനി വഴി ആനകൾ പെരുന്തുരുത്തിക്കളം ഭാഗത്തേക്ക് നീങ്ങിയെന്നാണ് വിവരം. ആനക്കൂട്ടം മായപുരത്തെ ജനവാസ മേഖലകളിലേക്ക് കടക്കുമോ എന്ന ആശങ്കയുണ്ട്. വനംവകുപ്പിൻ്റെ ആർആർടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തൃശ്ശൂരിലും കാട്ടാന ഇറങ്ങി. തൃശ്ശൂർ ഇഞ്ചക്കുണ്ടിൽ കാട്ടാന ഫോറസ്റ്റ് സ്റ്റേഷന്റെ മതിൽ തകർത്തു. ഫോറസ്റ്റ് സ്റ്റേഷന്റെ കോമ്പൗണ്ടിൽ കയറിയ ആനയെ ജീവനക്കാർ പിന്നീട് പടക്കം പൊട്ടിച്ചാണ് തുരത്തിയോടിച്ചത്.