അന്‍വറിന്റെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണം

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നു ഹൈക്കോടതി. തടയണകള്‍ പൊളിക്കണമെന്ന കഴിഞ്ഞ ഒക്‌ടോബറിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടും അന്‍വറില്‍ നിന്നും തടയണ ഉള്‍പ്പെടുന്ന സ്ഥലം വിലയ്ക്കുവാങ്ങിയ ഷെഫീഖ് ആലുങ്ങലും സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

നേരത്തെ തടയണകള്‍ പൊളിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടതിനു പിന്നാലെ തടയണ ഉള്‍പ്പെടുന്ന സ്ഥലം പി.വി അന്‍വര്‍ എം.എല്‍.എ. കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിറ്റിരുന്നു. തുടര്‍ന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകള്‍ പൊളിച്ചുനീക്കിയാല്‍ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താല്‍ക്കാലിക സ്‌റ്റേ നേടുകയായിരുന്നു. ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരേ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് തടയണകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

Share
അഭിപ്രായം എഴുതാം