മലപ്പുറം: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍(28) എന്നിവരെയാണ് കല്പകഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍നിന്നു ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈ.എസ്.പി: വി.വി. ബെന്നി, പരപ്പനങ്ങാടി സി.ഐ.: കെ.ജെ. ജിനേഷ്, കല്‍പകഞ്ചേരി എസ്.ഐ. ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുത്തനത്താണി ബസ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് അടുത്തുവച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.