കാലിക്കറ്റിലെ താല്‍ക്കാലിക നിയമനങ്ങള്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക നിയമനങ്ങളില്‍ ഹൈക്കോടതി വിശദീകരണം തേടി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റിയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് മുഖേനയാണു നടത്തേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ സ്വന്തക്കാരെയും മറ്റും നിയമിച്ചെന്നാണ് പരാതി. എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സര്‍വകലാശാല ബാധ്യസ്ഥരാണ് എന്നിരിക്കെ സര്‍ക്കാര്‍ ഉത്തരവുകളിലെയും സര്‍വകലാശാലയുടെ ഉത്തരവുകളിലെയും വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് സര്‍വകലാശാല നിയമനങ്ങള്‍ നടത്തുന്നതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍ വിവിധ താല്‍ക്കാലിക തസ്തികകളിലേക്ക് വന്‍തോതില്‍ ആളുകളെ യൂണിവേഴ്‌സിറ്റിയില്‍ നിയമിച്ചിട്ടുണ്ട്. താല്‍കാലിക/പ്രതിദിന/കരാര്‍ നിയമനങ്ങള്‍ കേവലം രാഷ്ട്രീയ/ബന്ധു പരിഗണനയുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്നും ഈ വ്യക്തികള്‍ക്ക് ദീര്‍ഘകാലം തുടരാന്‍ യൂണിവേഴ്‌സിറ്റി അവസരമൊരുക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഈ തസ്തികകള്‍ നികത്താതെ സര്‍വകലാശാലയുടെ നിയമവിരുദ്ധമായ നടപടി മൂലം നിയമനം ലഭിക്കാനുള്ള അവസരം തങ്ങള്‍ക്ക് നഷ്ടമായെന്നാണു ഹര്‍ജിക്കാരുടെ പരാതി. സര്‍വകലാശാലയില്‍ താത്കാലിക കരാര്‍/പ്രതിദിന വേതന അടിസ്ഥാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുക, 179 ദിവസങ്ങള്‍ക്കപ്പുറമുള്ള ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ലിസ്റ്റും കരാറിന്റെ ലിസ്റ്റും നല്‍കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കുക, ഒരു വര്‍ഷത്തിലേറെയായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സേവനം ഉടന്‍ അവസാനിപ്പിക്കുക, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അല്ലാതെ താത്കാലിക/കരാര്‍/ദിവസ വേതന ജോലികള്‍ ചെയ്യരുതെന്ന് സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പാസാക്കുക, സര്‍വകലാശാല നടത്തിയ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ഈ തസ്തികകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നികത്താന്‍ നിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ഹരജിക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയെല്ലാതെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സര്‍വകലാശാല നിയമനങ്ങള്‍ നടത്തുന്നുണ്ടോ എന്നതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് വി.ജി. അരുണ്‍ (ഹൈകോടതി) ഇടക്കാല ഉത്തരവ് നല്‍കിയിരിക്കുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഡ്വ. ജോര്‍ജ് പൂന്തോട്ടം ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →