കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ (81) അന്തരിച്ചു. 1966 ലെ മെര്‍ദെക കപ്പില്‍ ഇന്ത്യക്കു വെങ്കലം നേടിക്കൊടുത്തതു പരിമളിന്റെ മികവാണ്. പ്ലേ ഓഫില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണു കളിച്ചത്. 1966 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കു വേണ്ടി കളിച്ചു.
1970 ലെ ഐ.എഫ്.എ. ഷീല്‍ഡ് ഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ ജേതാവായത് പരിമളിന്റെ ഗോളിലാണ്. ഇറാനിലെ പാസ് ക്ലബായിരുന്നു എതിരാളികള്‍. ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും നേട്ടങ്ങളിലൊന്നാണ് ഐ.എഫ്.എ. ഷീല്‍ഡ്. 1968-69 സീസണില്‍ ഈസ്റ്റ് ബംഗാള്‍ നായകനായിരുന്നു. €ബിനായി ആകെ 84 ഗോളുകളടിച്ചു. കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ്, റോവേഴ്‌സ് കപ്പ് തുടങ്ങിയവയിലും ടീമിനെ ജേതാക്കളാക്കി. 1964 മുതല്‍ 1968 വരെ ബംഗാളിനു വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു. ഈസ്റ്റ് ബംഗാളിനു വേണ്ടി എട്ട് സീസണുകളിലും രണ്ട് സീസണുകള്‍ മോഹന്‍ ബഗാനു വേണ്ടിയും കളിച്ചു.