ശാന്തി ഭൂഷണ്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമ മന്ത്രിയും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ വസതിയില്‍ ഇന്നലെ രാത്രി ഏഴോടെയാണ് അന്ത്യം.

1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍, എതിര്‍കക്ഷിയായ രാജ് നരെയ്‌നുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമന്ത്രിയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പിതാവാണ്. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കോണ്‍ഗ്രസ് (ഒ), ജനതാ പാര്‍ട്ടി, ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ഇന്ദിരാ ഗാന്ധിക്കെതിരേ തിരിഞ്ഞതോടെ പാര്‍ട്ടിയില്‍നിന്നു പുറത്തായി. ഇതോടെ, പ്രതിപക്ഷ ക്യാമ്പുമായി അടുത്തു. 1977 മുതല്‍ 1980 വരെ രാജ്യസഭാ എം.പിയായി. ജനതാ തരംഗം അവസാനിച്ചപ്പോള്‍ സംഘപരിവാറിനോട് അടുത്തു. ബി.ജെ.പിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണ്. ആറു വര്‍ഷത്തിനുശേഷം ആ ബന്ധവും അവസാനിച്ചു. 2012 ല്‍ ആം ആദ്മി പാര്‍ട്ടി സ്ഥാപിക്കാനും അദ്ദേഹം മുന്നില്‍നിന്നു.
മക്കളായ പ്രശാന്ത് ഭൂഷണും ജയന്ത് ഭൂഷണും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമാണ്.

Share
അഭിപ്രായം എഴുതാം