ലോകത്തിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി. ബിജെപിയുടെ വലംകൈയ്യാണെന്നും ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പിന് ബിസിനസ് ഒന്നുമില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് അദാനിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഉന്നയിച്ചിരുന്നത്. ഇത്തരം വാദങ്ങള്‍ക്കെല്ലാം കൃത്യവും സ്പഷ്ടവുമായ മറുപടി നല്‍കിയിരിക്കുകയാണ് ഗൗതം അദാനി.
”ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ അദാനി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. ഈ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്നത് ബിജെപിയല്ല. ഒരു സംസ്ഥാന സര്‍ക്കാരുമായും അദാനി ഗ്രൂപ്പിന് പ്രശ്നങ്ങളില്ല. ഇടതുഭരണമുള്ള കേരളത്തില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. മമതയുടെ പശ്ചിമ ബംഗാളിലും നവീന്‍ പട്നായ്ക്കിന്റെ ഒഡിഷയിലും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും കെസിആറിന്റെയും സംസ്ഥാനങ്ങളിലും അദാനി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. ‘ ഗൗതം അദാനി പറഞ്ഞു.
ബിജെപിയുമായുള്ള ബന്ധമാണ് അദാനി ഗ്രൂപ്പിന്റെ അടിത്തറയെന്ന രീതിയിലും പ്രധാനമന്ത്രിയുമായി അടുപ്പം സ്ഥാപിച്ച് കാര്യങ്ങള്‍ നേടിയെടുക്കുകയുമാണെന്ന തരത്തിലും ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ഗൗതം അദാനി ചുട്ട മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് വ്യക്തിപരമായി ഒരു സഹായവും നേടാന്‍ ആര്‍ക്കും ഒരിക്കലും കഴിയില്ല. ദേശീയ താത്പര്യത്തിനനുസരിച്ചുള്ള നയങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാനാകും. പക്ഷെ ഒരു നയം ഫ്രെയിം ചെയ്തു കഴിഞ്ഞാല്‍ അത് ഈ ഇന്ത്യാമഹാരാജ്യത്തെ എല്ലാവര്‍ക്കും വേണ്ടിയുള്ളതാകും. അദാനി ഗ്രൂപ്പിന് വേണ്ടി മാത്രമുള്ളതാകില്ലെന്നും ഗൗതം അദാനി വിശദീകരിച്ചു. രാജീവ് ഗാന്ധി സര്‍ക്കാര്‍ മുതല്‍ ഇന്ന് വരെയുള്ള മോദി സര്‍ക്കാര്‍ വരെ അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വ്യവസായ ജീവിതത്തില്‍ സംഭവിച്ച പ്രധാന മൂന്ന് വഴിത്തിരിവുകള്‍ നടന്നത് 1985 (രാജീവ് ഗാന്ധി സര്‍ക്കാര്‍), 1991 (പി.വി നരസിംഹറാവു, മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍) എന്നീ വര്‍ഷങ്ങളിലും മോദി ഗുജറാത്ത് ഭരിച്ച 12 വര്‍ഷക്കാലയളവിലുമാണെന്നും ഗൗതം അദാനി പറഞ്ഞു. വിജയത്തിലേക്കുള്ള സൂത്രവഴി കഠിനാധ്വാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരായ ആക്രമണം?
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പിന്റെ മറുപടി. ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങള്‍ കളവല്ലാതെ മറ്റൊന്നുമല്ലെന്നും 413 പേജുള്ള മറുപടിയില്‍ അദാനി ഗ്രൂപ് വ്യക്തമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാര്‍ഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണിത്.
ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് തുടര്‍ ഓഹരി വില്‍പന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോര്‍ട്ട് വന്നത് ഹിന്‍ഡന്‍ബര്‍ഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയില്‍ ഇടപെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ഇടപെടല്‍ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ് കുറ്റപ്പെടുത്തുന്നു.സ്വതന്ത്രവും നിഷ്പക്ഷവും ആഴത്തില്‍ പഠിച്ച ശേഷവുമുള്ളതല്ല ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടെന്നും അദാനി പറയുന്നു. ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങളില്‍ 65നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം നല്‍കി. ബാക്കിയുള്ള 23ല്‍ 18 എണ്ണം അദാനി കമ്പനികളുമായി നേരിട്ടു ബന്ധമില്ലാത്തതാണ്. ബാക്കിയുള്ള അഞ്ചെണ്ണം അടിസ്ഥാനരഹിത ആ?രോപണങ്ങളാണെന്നും അദാനി ഗൂപ് മറുപടിയില്‍ പറയുന്നു.
നിയമനടപടിക്ക് അദാനി
ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി ആലോചിക്കുന്നതായി അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദ്വേഷം നിറഞ്ഞതും വേണ്ടത്ര പഠനം കൂടാതെയുമുള്ള റിപ്പോര്‍ട്ടാണു കഴിഞ്ഞ 24-നു ഹിന്‍ഡെന്‍ബര്‍ഗ് പുറത്തുവിട്ടതെന്നു കമ്പനി ലീഡ് ഹെഡ് ജതിന്‍ ജലുന്ധ്വാല ആരോപിച്ചു. ഇത് ഓഹരി ഉടമകളെയും നിക്ഷേപകരെയും പിന്നോട്ടുവലിച്ചു. പൊതുജനങ്ങളിലും നിക്ഷേപകസമൂഹത്തിലും അദാനി ഗ്രൂപ്പിന്റെ സത്പേര് നശിപ്പിക്കാന്‍ ഒരു വിദേശസ്ഥാപനം നടത്തിയ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണിത്. ഹിന്‍ഡെന്‍ബര്‍ഗിനെതിരേ യു.എസിലും ഇന്ത്യയിലും നിയമനടപടിക്കു സാധ്യത ആരായുന്നുണ്ട്.
ഹിന്‍ഡര്‍ബര്‍ഗ് റിസേര്‍ച്ചിലേക്ക് ഒരു എത്തിനോട്ടം:
കണക്റ്റിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് രാജ്യാന്തര ബിസിനസില്‍ ബിരുദം നേടിയ നഥാന്‍ ആന്‍ഡേഴ്സണ്‍ 2017-ല്‍ തുടക്കമിട്ടതാണ് ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ച് എന്ന ഗവേഷണ സംരംഭം. ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറന്‍സിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ കണ്ടെത്തി അവ പരസ്യപ്പെടുത്തുകയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ രീതിയെന്ന് അതിന്റെ വെബ്െസെറ്റില്‍തന്നെ പറയുന്നു. കോര്‍പറേറ്റ് കമ്പനികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, അക്കൗണ്ടിങ് ക്രമക്കേടുകള്‍, മാനേജ്മെന്റ് സംവിധാനങ്ങളിലെ അപചയം, രഹസ്യ ഇടപാടുകള്‍ എന്നിവയൊക്കെയാണ് ഈ മനുഷ്യനിര്‍മിത ദുരന്തം എന്നതുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്.
അതുകൊണ്ടുതന്നെ 1937-ല്‍ ന്യൂജേഴ്സിയിലേക്ക് പറക്കവെ കത്തിയമര്‍ന്ന ”ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ്” ദുരന്തത്തിന്റെ പേരാണ് കമ്പനിക്കായി സംരംഭകര്‍ കണ്ടെത്തിയതും. ജര്‍മന്‍ യാത്രാവിമാനം തീപിടിച്ചു തകര്‍ന്നപ്പോള്‍ 35 പേര്‍ക്കു ജീവന്‍ നഷ്ടമായി. തികച്ചും മനുഷ്യനിര്‍മിത ദുരന്തമായാണ് ഈ അപകടം വിലയിരുത്തപ്പെട്ടതും. െഹെഡ്രജന്‍ അധിഷ്ഠിത വിമാനങ്ങള്‍ മുമ്പും സമാനദുരന്തങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതില്‍നിന്നു പാഠം പഠിക്കാത്തതാണ് ഹിന്‍ഡന്‍ബര്‍ഗ് എയര്‍ഷിപ്പ് ദുരന്തത്തിലേക്കു നയിച്ചതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ചിന്റെ വാദം. ലോകത്തെ ഏറ്റവും കത്തുന്ന ഒരു വാതകം നിറച്ച ബലൂണിലേക്ക് 100 പേരെ കയറ്റിവിട്ടതിനു തുല്യമാണിതെന്നും ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് വിലയിരുത്തി.
ഇതുപോലെ വിപണികളില്‍ വലിയ ദുരന്തത്തിനു തന്നെ വഴിമാറാവുന്ന അട്ടിമറികളും ഗുരുതര പിഴവുകളും മുന്‍കൂട്ടി കണ്ടെത്തുകയാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് ചെയ്യുന്നത്. തട്ടിപ്പ് കണ്ടെത്തിക്കഴിഞ്ഞാല്‍, അവ വിശദീകരിക്കുന്ന വിശദ റിപ്പോര്‍ട്ട് പുറത്തിറക്കും. ഈ റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി അതേ കമ്പനിക്കെതിരേ വാതുവെപ്പ് നടത്തി, അതില്‍ നിന്നുള്ള ലാഭവും ഹിന്‍ഡന്‍ബര്‍ഗ് പ്രതീക്ഷിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് ഇലക്ട്രിക് ട്രക്ക് നിര്‍മ്മാതാക്കളായ ”നിക്കോള കോര്‍പ്പറേഷ”നെതിരെയുള്ള പന്തയമാണ് ഹിന്‍ഡന്‍ബര്‍ഗിനെ പ്രശസ്തമാക്കിയത്. എന്നാല്‍, വലിയ വിജയം നേടിയ ഈ പന്തയത്തിന്റെ തുക കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.”നിക്കോള” അതിന്റെ വേഗം സംബന്ധിച്ച സാങ്കേതിക വിവരങ്ങളില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍. പിന്നീട് നിക്കോളയുടെ സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടനെതിരേ അമേരിക്ക നിയമനടപടി സ്വീകരിച്ചു. 125 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി 2021-ല്‍ സമ്മതിക്കുകയും ചെയ്തു.
യു.എസിലേക്കു വരും മുമ്പ് നഥാന്‍ ആന്‍ഡേഴ്സണ്‍, ജെറുസലേമില്‍ ആയിരുന്നെന്നാണ് 2021-ല്‍ പുറത്തിറങ്ങിയ ഫിനാന്‍ഷ്യല്‍ െടെംസ് വാര്‍ത്ത. ജെറുസലേമില്‍ ഫിനാന്‍ഷ്യല്‍ സോഫ്റ്റ്വേര്‍ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായിരുന്നു ആന്‍ഡേഴ്സണ്‍. പിന്നീട് വാഷിങ്ടണ്‍ ഡി.സി. കേന്ദ്രീകരിച്ചുള്ള ബ്രോക്കര്‍ ഡീലര്‍ കമ്പനിയില്‍ ചേര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് കെട്ടിപ്പടുത്തും മുമ്പ് അക്കൗണ്ടിങ് തട്ടിപ്പ് ഗവേഷകനായ ഹാരി മാര്‍ക്കോപോളോസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഈ അനുഭവസമ്പത്താണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് എന്ന ആശയത്തിലേക്കു നഥാന്‍ ആന്‍ഡേഴ്സണെ വഴിതിരിച്ചുവിട്ടതും.
വിദേശരാജ്യങ്ങളില്‍ കണക്കില്‍പ്പെടാത്ത നിക്ഷേപം
മൗറീഷ്യസ്, സൈപ്രസ്, യു.എ.ഇ എന്നിവിടങ്ങളില്‍ അദാനി കുടുംബാംഗങ്ങള്‍ക്കു കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റീസേര്‍ച്ച് റിപ്പോര്‍ട്ടിലെ ഒരു പ്രധാന കണ്ടെത്തല്‍. ഈ കമ്പനികളില്‍ ചിലതിനെ മാര്‍ക്കറ്റ് കൃത്രിമത്വങ്ങള്‍ക്കായി വഴിവിട്ട രീതിയില്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.കോടീശ്വരനായ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയും അടുത്ത കൂട്ടാളികളും ചേര്‍ന്നു നിയന്ത്രിക്കുന്ന മൗറീഷ്യസ് ആസ്ഥാനമായുള്ള 38 സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) കല്‍ക്കരി ഇറക്കുമതി ഓവര്‍-ഇന്‍വോയ്സിംഗ് അന്വേഷണത്തില്‍ മറ്റ് ഇന്ത്യന്‍ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തിയത് നാല് പങ്കാളികളും 11 ജീവനക്കാരുമുള്ള ഒരു ചെറുകിട സ്ഥാപനമാണ്. അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത ഏഴ് കമ്പനികളില്‍ ഓഹരിമൂല്യം പെരുപ്പിച്ചുകാട്ടിയെന്നും ഹിന്‍ഡന്‍ബെര്‍ഗ് ഉറപ്പിച്ചു പറയുന്നു. കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടന്നത്. ഓഹരികള്‍ പണയപ്പെടുത്തിയും വലിയ തോതില്‍ കടം വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഹിന്‍ഡന്‍ബെര്‍ഗ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നതും. അതേസമയം, സാമ്പത്തിക വിദഗ്ധരും പ്രമുഖ ദേശീയ- അന്തര്‍ദേശീയ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും തയാറാക്കിയ വിശദമായ വിശകലനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നിക്ഷേപകസമൂഹം എന്നും തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
തറ തൊട്ട് അദാനി
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണിയില്‍ തകര്‍ന്നടിഞ്ഞു. ഭൂരിപക്ഷം ഓഹരികളും താഴ്ന്ന പരിധിയിലാണ് വ്യാപാരം നടന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി.എസ്.ഇ)ല്‍ 20% വരെയായിരുന്നു ഓഹരിമൂല്യത്തിലെ ഇടിവ്. ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ക്കും കനത്ത ഇടിവ് നേരിട്ടു. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രസ്താവന നഷ്ടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യത്തില്‍ ഏതാണ്ട് 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് രണ്ടു ദിവസത്തിനിടെ ഉണ്ടായത്. അദാനി ടോട്ടല്‍ ഗ്യാസ്- 19.65%, അദാനി ട്രാന്‍സ്മിഷന്‍-19%, അദാനി ഗ്രീന്‍ എനര്‍ജി-15.50%, അദാനി എന്റര്‍പ്രൈസസ്-6.19%, അദാനി വില്‍മര്‍-5%, അദാനി പവര്‍-4.99% എന്നിങ്ങനെയാണ് ഓഹരി വിപണിയിലെ ഇടിവ്. വിഴിഞ്ഞം ഉള്‍പ്പെടെ തുറമുഖപദ്ധതികളുടെ കരാറുകാരായ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ കമ്പനിയുടെ ഓഹരിമൂല്യം 15.24% ഇടിഞ്ഞു.
തകര്‍ച്ചയുടെ പ്രതഫലനം ഇന്ത്യന്‍ ഓഹരിവിപണിയിലെ മറ്റു ഓഹരികളെയും ബാധിച്ചു. കനത്ത വില്പന സമ്മര്‍ദത്തില്‍ തിരിച്ചടി നേരിട്ട വിപണി മൂന്നു മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. വ്യാപാരത്തിനിടെ സെന്‍സെക്സ് 874 പോയിന്റ് ഇടിഞ്ഞ് 59,330 ല്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തില്‍ 1,230.36 പോയിന്റ് ഇടിഞ്ഞ് 58,974 വരെയെത്തി. നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞ് 17,604.35 ആണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടുദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 11.75 ലക്ഷം കോടി രൂപയാണ്.
അദാനിഗ്രൂപ്പിന്റെ തെറ്റായ നടപടികള്‍ എണ്ണമിട്ട് എണ്‍പത്തിയെട്ടു ചോദ്യങ്ങളുയര്‍ത്തി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാനാവാഞ്ഞതാണ് ഇന്നലത്തെ വന്‍തകര്‍ച്ചയ്ക്കു കാരണം. മൗറീഷ്യസ്, യു.എ.ഇ. എന്നിവങ്ങളിലെ കടലാസുകമ്പനികളുപയോഗിച്ച് ഓഹരിവില പെരുപ്പിച്ചു കാണിച്ചുവെന്നതുള്‍പ്പെടെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഹെയ്ഡന്‍ ബര്‍ഗ് നടത്തിയിട്ടുള്ളത്.
നിയമനടപടി സ്വീകരിക്കുമെന്നല്ലാതെ ഇവയിലൊന്നു പോലും പ്രതിരോധിക്കാനാവാഞ്ഞത് തിരിച്ചടിയായി. ഹെയ്ഡന്‍ ബര്‍ഗാകട്ടെ നിയമനടപടിയെ സ്വാഗതം ചെയ്യുകയും അത് അമേരിക്കയിലാകട്ടെയെന്നും മുഴുവന്‍ തെളിവുകളും െകെവശമുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു.
പരിശോധനയ്ക്കൊരുങ്ങി സെബി
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യു.എസ്. ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ വന്‍ വിവാദമാകുമ്പോഴാണ് റിപ്പോര്‍ട്ട് സെബി പരിശോധിക്കുന്നത്. ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും പരിശോധിക്കുന്നത്. എന്നാല്‍, കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല. അതേസമയം, അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലുകള്‍ പുറത്തു വരുമ്പോഴും വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൗനം തുടരുകയാണ്. മോദി സര്‍ക്കാരും അദാനിയും തമ്മില്‍ അടുപ്പമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കേയുണ്ടായ വെളിപ്പെടുത്തല്‍ ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോണ്‍ഗ്രസും തിരിച്ചടിച്ച് തുടങ്ങി. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണത്തിന് സെബിയും റിസര്‍വ് ബാങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളോട് മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനാസ്ഥ പുലര്‍ത്തുന്നത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോയെന്നും അദ്ദേഹം ചോദിച്ചു.
കുബേരപ്പട്ടികയിലും മൂന്നില്‍ നിന്ന് ഏഴിലേക്ക്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിമൂല്യത്തിലുണ്ടായ ഇടിവിനു പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്റെ, ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്കു വീണു. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാണിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തവരുന്നതിനു മുന്‍പ് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.