ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ബലം നല്‍കുന്ന വസ്തുതകള്‍

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അടക്കം നിരവധി പദ്ധതികളുമായി കുതിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബെര്‍ഗ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരിക്കുകയാണ്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് പ്രധാന ആരോപണം. പിന്നാലെ ഓഹിരി വിപണിയില്‍ അദാനി നിലംപരിശാവുകയും ചെയ്തു. അതേസമയം, അദാനി ഗ്രൂപ്പിനെതിരേ രാജ്യന്തര ഗൂഡാലോചന നടന്നതാണ് പുതിയ വെളിപ്പെടുത്തലിന്റെ പിന്നിലുള്ളതെന്ന അഭ്യൂഹവും ശക്തമാണ്. അന്താരാഷ്ട്രരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലകളാണ് തുറമുഖം, ഗ്രീന്‍ എനര്‍ജി എന്നിവ. ഈ മേഖലയിലെ ഇന്ത്യയെ പ്രതിനിധീകരിച്ച് അദാനി നടത്തുന്ന ഇടപെടലുകള്‍ക്ക് അന്ത്യം കുറിക്കുകാനും അതുവഴി ഇന്ത്യയുടെ വികസന കുതിപ്പിന് തടയിടയുകയുമാണ് അന്താരാഷ്ട്ര ലോബികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസുമായി ചേര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ എക്കോ സിസ്റ്റം ആരംഭിക്കുന്നതിനുള്ള കരാറില്‍ ഏര്‍പ്പെടുന്നതിന് തൊട്ടുമുന്‍പാണ് അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തല്‍ പുറത്ത് വന്നതെന്നത് ഈഅഭ്യൂഹത്തെ ശക്തമാക്കുന്നതാണ്.

അദാനിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ലോബികളെ ആശങ്കപെടുത്തുന്നു

അന്താരാഷ്ട്രരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്ന മേഖലകളാണ് തുറമുഖം, ഊര്‍ജ്ജം എന്നിവ. ആഗോള സാമ്പത്തികമേഖല നേരിടുന്ന മാന്ദ്യം, കോവിഡ് മഹാമാരിയുടെ ആഘാതം തുടങ്ങിയ ഘടകങ്ങള്‍ ഈ മത്സരത്തെ ഇപ്പോള്‍ കൂടുതല്‍ തീവ്രവും സങ്കീര്‍ണവുമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തുറമുഖങ്ങള്‍, പ്രത്യേകിച്ച് ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബുകള്‍, തുറമുഖ ചാര്‍ജുകള്‍ പരമാവധി കുറച്ച് ബിസിനസ് നേടുന്നതിനുള്ള തീവ്രശ്രമത്തിലാണ്. രാജ്യത്ത് തുറമുഖ പദ്ധതികള്‍ ഭൂരിപക്ഷവും കൈയ്യാളുന്നത് അദാനി ഗ്രൂപ്പാണ്.യൂറോപ്പിനും ഏഷ്യക്കും ഇടയിലെ പ്രധാന തുറമുഖങ്ങളായ ശ്രീലങ്കയിലെ കൊളംബോ, ഹമ്പന്‍തോട്ട എന്നിവ ഇത്തരത്തില്‍ പരമാവധി ബിസിനസ് നേടുന്നതിനുള്ള ശക്തമായ ശ്രമത്തിലാണ്. കൊച്ചി തുറമുഖത്തേക്കാള്‍ മൂന്നിലൊന്ന് ചാര്‍ജുകള്‍ മാത്രമാണ് തുറമുഖ ചെലവുകള്‍ക്കായി കൊളംബോ ഈടാക്കുന്നത്. വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രതികൂലമായ ഘടകം കൊളംബോ തുറമുഖം ഉയര്‍ത്തുന്ന ഈ കടുത്ത വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തില്‍ വേണം അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രാബല്യത്തില്‍ വരാന്‍ പോവുന്ന വിഴിഞ്ഞം തുറമുഖം ഉയര്‍ത്തുന്ന സാധ്യതകളും ഇന്ത്യയുടെ വികസന കുതിപ്പിനെയും കാണാന്‍. സമുദ്രാധിഷ്ഠിത അടിസ്ഥാനസൗകര്യ മേഖലയില്‍ ഏഷ്യന്‍ രാജ്യങ്ങളായ യുഎഇ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്‍വികസനത്തിനും മാറ്റങ്ങള്‍ക്കുമാണ് ഒരുങ്ങുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലയിലെ ഇന്ത്യന്‍ തുറമുഖങ്ങള്‍ പ്രായേണ പിന്നിലാണെന്ന് വിലയിരുത്തേണ്ടതായിവരും. അതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക ആക്കം കൂട്ടും.

കൊളംബോ മുതല്‍ സിംഗപ്പൂര്‍ വരെ ഭയക്കുന്നു

യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയിലെ അന്താരാഷ്ട്ര സമുദ്രപാതയുമായുള്ള സാമീപ്യംതന്നെയാണ് വിഴിഞ്ഞത്തിന്റെ വലിയ മികവ്. ബങ്കറിങ് ഉള്‍പ്പെടെയുള്ള തുറമുഖ അനുബന്ധ ബിസിനസിന് ഇത് വലിയ സാധ്യത തുറന്നുനല്‍കുന്നു. 70 ലക്ഷം ടിഇയു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയാണ് കൊളംബോ തുറമുഖത്തിന് ഉള്ളത്. 22,000 ടിഇയു ശേഷിയുള്ള കപ്പലുകള്‍ക്കുവരെ കൊളംബോ തുറമുഖത്ത് സുഗമമായി അടുക്കാന്‍ കഴിയും. 2010 നവംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖവും ബിസിനസില്‍ വന്‍ കുതിപ്പ് നേടിയിട്ടുണ്ട്. എന്നാല്‍, മെയിന്റനന്‍സ് ഡ്രഡ്ജിങ് ഒഴിവാക്കാന്‍ കഴിയുന്ന, സ്വാഭാവികമായ 20 മീറ്ററോളം വരുന്ന ആഴമാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും മുഖ്യമായ പ്രത്യേകത. അതുകൊണ്ട് ഏതു വലിയ കപ്പലുകള്‍ക്കും ഇവിടെ നങ്കൂരമിടാന്‍ കഴിയും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊളംബോ തുറമുഖത്തില്‍ നടന്നിരുന്ന നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തേക്ക് മാറും. ഇത് ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നേട്ടമുണ്ടാകും. കൊളംബോ, ദുബായ്, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങള്‍ക്ക് പകരം വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്‌മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശനാണ്യം ഇന്ത്യക്ക് ലഭിക്കും.

ചൈനയുടെ പങ്ക്

വ്യാപാര വാണിജ്യ രംഗത്തും പ്രതിരോധരംഗത്തും ഭാരതത്തിന്റെ മുഖ്യ പ്രതിയോഗിയായ ചൈനയ്ക്ക് വിഴിഞ്ഞം തുറമുഖം ഒരു വെല്ലുവിളി തന്നെയാണ്. അതുകൊണ്ടാണ് തുറമുഖ വിരുദ്ധ സമരക്കാരെ പിന്‍തുണയ്ക്കുന്ന ചില സംഘടനകള്‍ക്ക് കോടികള്‍ വിദേശത്തു നിന്നും ലഭിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൈനീസ് സംഘം കൊളംബോയിലെ പള്ളികളിലാണ് പണം ഏല്‍പിക്കുന്നത്. ആ പണം ദുബായ്യില്‍ എത്തിക്കും. അവിടെ നിന്നും ലത്തീന്‍ അതിരൂപതാ വിശ്വാസികള്‍ വഴി സമരസമിതിക്ക് കൈമാറുന്നു. ദുബായ്യിയില്‍ നിന്നും വിശ്വാസികള്‍ വഴി വന്‍തുക സമരസമിതിക്ക് കൈമാറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചില മതഭീകര സംഘടനകള്‍ അവരുടെ സ്വാധീനം പരിസ്ഥിതി പ്രവര്‍ത്തനത്തിലടക്കം വ്യാപിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ പാറ ലഭിക്കാതിരിക്കാന്‍ ക്വാറിവിരുദ്ധ സമരം നടത്തിയ പരിസ്ഥിതി സംഘടന ഇപ്പോള്‍ രഹസ്യാന്വേഷണ സംഘടനകളുടെ നിരീക്ഷണത്തിലാണ്. ലത്തീന്‍ അതിരൂപതയുടെ സ്വാധീനമുള്ള വിവിധ തീരപ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത കലാപകാരികളെ കൊണ്ടുവന്നാണ് തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നത്. കൂടംകുളം ആണവനിലയത്തിനെതിരെ പ്രവര്‍ത്തിച്ച അതേ കൈകള്‍ തന്നെയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെതിരെയും പ്രവര്‍ത്തിക്കുന്നത്. അദാനി ഗ്രൂപ്പിനെ ഇല്ലാതാക്കിയാല്‍ വിഴിഞ്ഞം പദ്ധതി റദ്ദ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ചൈനീസ് ലോബികള്‍ കണക്ക് കൂട്ടുന്നതും.

വിദേശ ശക്തികളുടെ കരടാവുന്ന അദാനിയുടെ ഹരിത ഊര്‍ജ പദ്ധതി

അടുത്ത പത്തുവര്‍ഷംകൊണ്ട് ഹരിത ഊര്‍ജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളര്‍) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 2021ലാണ് പ്രഖ്യാപിച്ചത്. പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്നുള്ള ഊര്‍ജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിര്‍മാണം, ഊര്‍ജ വിതരണം, ഹൈഡ്രജന്‍ ഉത്പാദനം എന്നിങ്ങനെയാണ് ഗ്രൂപ്പിന്റെ നിക്ഷേപം.
നാലു വര്‍ഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്നുള്ള കമ്പനിയുടെ ഊര്‍ജോത്പാദനം മൂന്നുമടങ്ങു വര്‍ധിപ്പിക്കും. ഇതോടൊപ്പം ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിലേക്കും കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊര്‍ജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങള്‍ കാര്‍ബണ്‍ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചെലവില്‍ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അദാനിഗ്രൂപ്പിന് നിലവില്‍ 4,920 മെഗാവാട്ടിന്റെ ഹരിത ഊര്‍ജോത്പാന ശേഷിയാണുള്ളത്. 5,124 മെഗാവാട്ടിന്റെ പദ്ധതി അന്തിമഘട്ടത്തിലാണ്. 2030 -ഓടെ പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്നുള്ള ഊര്‍ജോത്പാദനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞിട്ടുണ്ട്. ഇതിനായി കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 1,200 കോടി ഡോളറിന്റെ അമ്പതോളം ആസ്തികള്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഹിഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് അദാനിയുടെ മറുപടിയിലും ഇക്കാര്യങ്ങള്‍ തന്നെയാണ് അദാനി പറയുന്നത്.

Share
അഭിപ്രായം എഴുതാം