പാലക്കാട്: വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ അകപ്പെട്ട പുള്ളിപ്പുലിക്കു മണിക്കൂറുകള്‍ക്കുശേഷം ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേക്കളപ്പാറയിലെ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ കൈകുടുങ്ങി നാലുവയസുള്ള പുലിയാണ് ചത്തത്. ആറുമണിക്കൂറോളം തൂങ്ങിക്കിടന്നതോടെ ആന്തരികരക്തസ്രാവമുണ്ടായി. തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ഇരുമ്പുവല ഉപയോഗിച്ചു നിര്‍മിച്ച കോഴിക്കൂട്ടില്‍ പുള്ളിപ്പുലി കുടുങ്ങിയത്. കൂട്ടില്‍ നൂറോളം കോഴികളുണ്ടായിരുന്നു. നായയുടെ കുരയും കോഴികളുടെ ബഹളവും കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണു കൂട്ടില്‍ പുലിയെ കണ്ടത്.
മുകള്‍ഭാഗത്തെ വിടവിലൂടെയാണ് പുലി അകത്തു കടന്നതെന്നു കരുതുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ വലതുകൈയുടെ മുട്ടിനു താഴെയും കൈപ്പത്തിക്ക് ഇടയിലുമുള്ള ഭാഗം വലക്കണ്ണികള്‍ക്കിടയില്‍ കുടുങ്ങി. പുറത്തുകടക്കാനുള്ള വെപ്രാളത്തിനിടെ സാരമായി മുറിവേറ്റു. വിവരം അറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയെ സ്ഥലത്തെത്തിച്ച് മയക്കുവെടിയുതിര്‍ത്തു പുലിയെ പിടികൂടാനായിരുന്നു തീരുമാനം. പുലി പുറത്തേക്ക് ചാടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് കൂടിനു മുകളില്‍ വലവിരിച്ചു. കാഴ്ച മറയ്ക്കുന്നതിനായി കൂട്ടില്‍ പുലി നിന്ന ഭാഗം ടാര്‍പോളിന്‍ ഉപയോഗിച്ചു മറച്ചു. വൈകാതെ പുലിയുടെ മുരള്‍ച്ചയും ചലനങ്ങളും നിലച്ചു. ആറുമണിക്കൂറോളം വേദനസഹിച്ച് ഒടുവില്‍ പുലി മരണത്തിനു കീഴടങ്ങി. കട്ടര്‍ ഉപയോഗിച്ച് വലക്കണ്ണികള്‍ മുറിച്ചാണ് പുലിയെ പുറത്തെടുത്തത്.
പുലി കുടുങ്ങിയതറിഞ്ഞ് നാട്ടുകാര്‍ കൂടുതലായി എത്തുന്നത് ഒഴിവാക്കാന്‍ കുന്തിപ്പാടത്തുനിന്ന് കണ്ടമംഗലത്തേക്കുള്ള പ്രധാന പാതയില്‍ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഡോ. ഡേവിഡ്, ഡോ. അരവിന്ദ്, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, ഫïയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ: ശിവപ്രസാദ്, എ.സി.എഫ്: പി. പ്രദീപ്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, ഫïയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ റസാഖ്, സി.സി.എഫ്. പ്രതിനിധി അഡ്വ. നമശിവായം തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.