എരുമപ്പെട്ടി(തൃശൂര്‍): യുവതിയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പന്നിത്തടത്ത് ചിറമനേങ്ങാട് റോഡിനു സമീപം താമസിക്കുന്ന കാവിലവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ രണ്ടര വയസുകാരി അജുവ, ഒന്നര വയസുള്ള അമന്‍ എന്നിവരെയാണ് വീടിന്റെ മുകളിലത്തെ നിലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
താഴത്തെ നിലയില്‍ ഷെഫീനയുടെ ഭര്‍തൃമാതാവ് ഫാത്തിമയും മൂത്തമകള്‍ അയന(6)യും ഉറങ്ങാന്‍ കിടന്നിരുന്നു. രാവിലെ അയന മുകളില്‍ച്ചെന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടു കുപ്പികളും ഒരു ഡയറിയും കാര്‍പോര്‍ച്ച് സമീപത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി 12 മണിയോടെയാണ് കുടുംബം വീട്ടിലെത്തിയതെന്നു പറയുന്നു. ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണു അവധിക്കു നാട്ടിലെത്തി തിരിച്ചുപോയത്. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.എസ.് സിനോജിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.